കാസര്‍ഗോഡ്:  ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ 10 ന് സ്ഥാനമൊഴിഞ്ഞ മുന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പുതിയ കളക്ടര്‍ക്ക് ചുമതല കൈമാറി. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് പറഞ്ഞ കളക്ടര്‍ കോവിഡ് പരിശോധന, ഐസോലേഷന്‍ പ്രവര്‍ത്തനങ്ങള്‍, സമ്പര്‍ക്ക ഉറവിടം കണ്ടെത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചികിത്സാ സംവിധാനം എന്നീ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുമെന്നും പറഞ്ഞു. നിലവില്‍ 49 ശതമാനം ഫസ്റ്റ് ഡോസ് വാക്‌സീന്‍ പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടം വാക്‌സിനേഷന്‍ 17 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ട്രൈബല്‍ മേഖലയില്‍ 45 വയസിന് മുകളിലുള്ളവരുടെ 78 ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ആര്‍ ഡി ഒ അതുല്‍ എസ് നാഥ്, എ ഡി എം എ കെ രമേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ വിവിധ ഡെപ്യൂട്ടി കളക്ടര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തടങ്ങിയവര്‍ സന്നിഹിതരായിരുന്നു.