മലപ്പുറം:  ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍  ബോധ വത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, നെഹ്‌റു യുവ കേന്ദ്ര എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ. സക്കീന ഉദ്ഘാടനം ചെയ്തു.

ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ: വി.പി. രാജേഷ്. അധ്യക്ഷനായി. ജില്ലയിലെ വിവിധ യുവജനസംഘടനകള്‍, യൂത്ത് ക്ലബുകള്‍ എന്നിവയുടെ ഭാരവാഹികള്‍ക്ക് ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്  നല്‍കി.

ജനസംഖ്യാ നിയന്ത്രണത്തില്‍ യുവാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ മലപ്പുറം എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.ധന്യ ക്ലാസ് നല്‍കി. സ്വാശ്രയ രാഷ്ട്രവും കുടുംബവും കെട്ടിപ്പടുക്കാന്‍ പ്രതിസന്ധി ഘട്ടത്തിലും കുടുംബക്ഷേമ സേവനങ്ങള്‍ ലഭ്യമാക്കാം എന്നതാണ് ഈ ലോക ജനസംഖ്യാ ദിനത്തിന്റെ സന്ദേശം.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനസംഘടനകള്‍, യൂത്ത് ക്ലബുകള്‍, എന്നിവയുടെ ഭാരവാഹികള്‍, യൂത്ത് വളന്റിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി. രാജു, ആരോഗ്യ കേരളം പരിരക്ഷ കോര്‍ഡിനേറ്റര്‍  ഫൈസല്‍, നെഹ്രു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍  എന്നിവര്‍ പങ്കെടുത്തു.