പത്തനംതിട്ട: പ്രകൃതിക്ഷോഭം മൂലം മൂലം തടിയൂര്‍, തെള്ളിയൂര്‍ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് എടുക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രിയോട് അഭ്യര്‍ഥിച്ചു. ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആര്‍ഡിഒയും തഹസില്‍ദാരുമായി യോഗം ചേര്‍ന്നു. തുടര്‍ന്നാണ് എംഎല്‍എ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടത്.

അപ്രതീക്ഷിതമായി ഉണ്ടായ കൊടുങ്കാറ്റ് സമാനതകളില്ലാത്ത നാശ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അനേകം മരങ്ങളാണ് നിലംപൊത്തിയത്. നൂറു കണക്കിന് വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ വീണു വൈദ്യുതി ബന്ധം അപ്പാടെ താറുമാറായി. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഗോഡൗണ്‍ ആയി പ്രവര്‍ത്തിച്ചിരുന്ന തടിയൂരിലെ എന്‍എസ്എസ് ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നതിനാല്‍ ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ വെള്ളം കയറി നശിക്കുന്ന അവസ്ഥയായി.

റോഡിലേക്ക് മരങ്ങള്‍ വീണതിനാല്‍ ഗതാഗതം പല ഭാഗങ്ങളിലും സ്തംഭിച്ചു. കൃഷി വ്യാപകമായി നശിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മരങ്ങള്‍ വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ എംഎല്‍എ നാട്ടുകാരോട് അഭ്യര്‍ഥിച്ചു. മറ്റു ജില്ലകളില്‍ നിന്ന് കൂടി ഫയര്‍ഫോഴ്സിന്റെ കൂടുതല്‍ യൂണിറ്റുകളുടെ സേവനം ഉറപ്പാക്കാനും എംഎല്‍എ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.