എറണാകുളം: ഈ ചങ്ങലയും മരമാണോ? മന്ത്രിക്ക് സംശയം മാറിയില്ല. പിന്നീടൊന്നു തൊട്ടു നോക്കി. കൈ കൊണ്ട് പൊക്കി നോക്കി. അവസാനം ഉറപ്പിച്ചു -അതെ, മരം തന്നെ. തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം സന്ദർശിച്ച പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിലിനണ് പ്രദർശനത്തിനിരുന്ന ആനയും ചങ്ങലയും കൗതുകം ഉണർത്തിയത്. മ്യൂസിയം മുഴുവൻ കാണുന്ന തിരക്കിൽ മന്ത്രി ആനയുടെ ശില്പത്തിനു മുമ്പിൽ അല്പ സമയം ചിലവഴിച്ചു. ഗൈഡ് ഇഗ്നേഷ്യസിനോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.
ചേർപ്പ് സ്വദേശി നിർമ്മിച്ചു നൽകിയതാണ് ആനയുടെ ഈട്ടിയിൽ തീർത്ത ശില്പം. ഇരിക്കുന്ന രീതിയിലാണ് ശില്പം പൂർത്തീകരിച്ചിരിക്കുന്നത്. യഥാർത്ഥ ആന കൊമ്പു തന്നെയാണ് കൊമ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ഒറ്റമരത്തിൽ തീർത്ത ചങ്ങലയും. ദർബാർ ഹാളിൽ സൂക്ഷിച്ചിരുന്ന ശില്പം പിന്നീട് മ്യൂസിയത്തിലേക്ക് കൊണ്ടുവരികയായിരുന്നു. കൊട്ടാരത്തിൻ്റെ പ്രവേശന കവാടത്തിലായിരുന്നു ആദ്യം സ്ഥാപിച്ചത്. സന്ദർശകർ തൊട്ടും തലോടിക്കും കൊമ്പിന് ഇളക്കം സംഭവിച്ചു. പിന്നീട് അകത്തേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ആർക്കും തൊടാനാകാതെ സമ്പൂർണ്ണ സുരക്ഷിത വലയത്തിലാണ് കൊമ്പൻ്റെ സ്ഥാനം.
കൊമ്പൻ്റ വിശേഷങ്ങൾ അറിഞ്ഞ മന്ത്രി രാജകുടുംബത്തിൻ്റെ ചരിത്രങ്ങളിലേക്കും തിരിഞ്ഞു.. പഴമയെ മാറ്റാതെ സൂക്ഷിച്ചിട്ടുള്ള രാജസദസും സിംഹാസനവും കിരീടവും നോക്കി കണ്ടു.
രാവിലെ 11.30നാണ് മന്ത്രി സന്ദർശനത്തിനായി മ്യൂസിയത്തിലെത്തിയത്. നവീകരണ പ്രവർനങ്ങളെല്ലാം വിലയിരുത്തി. കിരീട ഗാലറി സന്ദർശിച്ച അദ്ദേഹം ഗാലറിയുടെ നവീകരണം നടത്തുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിക്കാമെന്ന് അറിയിച്ചു. പിന്നീട് ചരിത്ര ഗാലറിയും സന്ദർശിച്ചു. കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പുരാതനമായ ശിലാഫലകങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, തുടങ്ങിയവയും മന്ത്രി നോക്കി കണ്ടു.
ഹിൽ പാലസിൻ്റെ വിവരങ്ങളുടെ ഡിജിറ്റലൈസേഷൻ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത് ആളുകൾക്ക് പെട്ടെന്ന് വിവരങ്ങൾ അറിയുന്നതിന് സഹായകരമാകും.
ജലഗതാഗതം സുഗമമാക്കുന്നതിൻ്റെ ഭാഗമായി പാസഞ്ചർ സർവീസുകൾ ഉപയോഗിച്ചുകൊണ്ട് ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കാനും അവർക്ക് ഇത്തരം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ നേരിൽ കാണാനും അവസരം ഒരുക്കും. അതിനായി ടൂറിസം വകുപ്പും തുറമുഖ വകുപ്പും ഒരുമിച്ചുള്ള
പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വിദേശ രാജ്യങ്ങളിലുള്ള പ്രദർശനങ്ങളിൽ പങ്കെടുത്ത് നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ സംബന്ധിച്ച് വിശദീകരിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അനൂബ് ജേക്കബ് എം എൽ എ യും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം സന്ദർശിക്കുന്നു