ആലപ്പുഴ: ആരോഗ്യ വകുപ്പിന്റെ മാതൃകവചം പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ‍ ജില്ലയില്‍ ജൂലൈ 19 മുതല്‍ തുടങ്ങുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മാതൃകവചം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ തലത്തില്‍ ഗൈനക്കോളജിസ്റ്റുകളുടെയും, വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ സൂപ്രണ്ടുമാരുടെയും അവലോകന യോഗം ചേര്‍ന്നു. ജില്ലയില്‍ ഓരോ ഗര്‍ഭിണിയും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുന്ന വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് തന്നെ എത്തി വാക്സിന്‍ സ്വീകരിക്കണം.

കോവിഡിനെ പ്രതിരോധിച്ച് അമ്മയുടെയും കുഞ്ഞിന്‍റെയും സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ ഗര്‍ഭിണികളും കോവിഡ് വാക്സിന്‍ സ്വീകരിക്കണം. എല്ലാ കോവിഡ് വാക്സിനുകളും ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമാണ്. ഗര്‍ഭാവസ്ഥയുടെ ഏത് കാലയളവിലും ഗര്‍ഭിണികള്‍ക്ക് വാക്സിനെടുക്കാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തൂറവൂര്‍ താലൂക്ക് ആശുപത്രി, ചേര്‍ത്തല താലൂക്ക് ആസ്ഥാന ആശുപത്രി, ആലപ്പുഴ വനിതാ ശിശു ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളേജ്, ഹരിപ്പാട് താലൂക്ക് ആസ്ഥാന ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, ചെങ്ങന്നൂര്‍, മാവേലിക്കര ജില്ലാ ആശുപത്രികള്‍ എന്നീ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ജൂലൈ 19 മുതല്‍ വാക്സിന്‍ നല്കിത്തുടങ്ങും.
ജില്ലയിലെ വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വാക്സിന്‍ നല്കുന്നതാണ്.

ഒരു ദിവസം 100 പേര്‍ക്കായിരിക്കും വാക്സിന്‍ ലഭ്യമാക്കുന്നത്. പ്രതീക്ഷിക്കുന്ന പ്രസവ തീയതി ഏറ്റവുമടുത്തുള്ളവര്‍ക്ക് എന്ന നിലയിലാണ് വാക്സിന്‍ ലഭിക്കുന്നതിന് മുന്‍ഗണന നല്കുന്നത്. ഗര്‍ഭിണികള്‍ ഏറ്റവും അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ നല്കണം. ഒരു വാക്സിനേഷന്‍ കേന്ദ്രത്തിന്‍റെ പരിധിയില്‍ വരുന്ന ഗര്‍ഭിണികള്‍ക്ക് വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ട തീയതിയും സമയവും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്‍കൂര്‍ അറിയിക്കുന്നതാണ്. ഗര്‍ഭകാല പരിശോധനകള്‍ നടത്തുന്ന ആശുപത്രിയില്‍ നിന്നുമുള്ള ചികിത്സാ രേഖ, മാതൃ ശിശു സംരക്ഷണ കാര്‍ഡ്, നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സമ്മത പത്രം എന്നിവ വാക്സിനേഷന് എത്തുമ്പോള്‍ കൊണ്ടു പോകണം.