കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യാന്തര നിലവാരത്തിലേക്ക്് എത്തിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കേരള സിലബസില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഇലവുംതിട്ട പ്രദേശത്തെ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ഥികളെ മൂലൂര്‍ സ്മാരക സമിതിയും മൂലൂര്‍ സ്മാരക കമ്മിറ്റിയും സംയുക്തമായി അനുമോദിക്കുന്ന പരിപാടി ഇലവംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.
  രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഭൂരിഭാഗം പൊതു വിദ്യാലങ്ങളിലെയും ക്ലാസ്മുറികള്‍ ഹൈടെക് ആക്കി മികവിന്റെ കേന്ദ്രങ്ങളാക്കി.  ക്ലാസ് മുറികളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കി. ജില്ലയില്‍ തന്നെ പുതിയ അധ്യയന വര്‍ഷത്തില്‍ നിരവധി  ഹൈടെക്  ക്ലാസ്മുറികള്‍ ഉദ്ഘാടനം ചെയ്തു.  എട്ടു മുതല്‍ 10 വരെയുള്ള  ക്ളാസ് മുറികള്‍ മുഴുവന്‍ സര്‍ക്കാര്‍  ഡിജിറ്റലൈസേഷന്‍  ചെയ്തു കൊണ്ടിരിക്കുകയാണ്.  എല്‍പി,  യു പി. സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന്  എംഎല്‍എ ആസ്തി വികസന ഫണ്ടും  പ്രയോജനപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍  സ്‌കൂളുകളില്‍ പ്രവേശനം നേടിയ  കുട്ടികളുടെ എണ്ണത്തില്‍ ഈ  വര്‍ഷം വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇത് സര്‍ക്കാരിന്റെ വലിയ നേട്ടം  തന്നെയാണെന്നും എംഎല്‍എ പറഞ്ഞു. നൂറു ശതമാനം വിജയം നേടിയ എസ് എന്‍ ഡി പി എച്ച് എസ് എസ് മുട്ടത്തുകോണം, സി എം എസ് എച്ച് എസ് എസ് കുഴിക്കാല  എന്നീ വിദ്യാലയങ്ങളെയും ചടങ്ങില്‍ അനുമോദിച്ചു.