ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റില്‍ ഏലക്കാകൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ ജില്ലാ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.

കാര്‍ഷിക ജില്ലയായ ഇടുക്കിയിലെ 25ശതമാനം വരുന്ന ഏലം കര്‍ഷകര്‍ വിലത്തകര്‍ച്ച മൂലം അതിജീവനത്തിനായി കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇതിന് ഒരു ചെറിയ പരിഹാരം എന്ന നിലയില്‍ ഓണം, ക്രിസ്മസ്, വിഷു, റംസാന്‍ തുടങ്ങിയ വിശേഷ ദിനങ്ങളോടനുബന്ധിച്ച് അനുബന്ധിച്ച് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റുകളില്‍ 50ഗ്രാം ഏലയ്ക്ക കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ ജൂണ്‍ 30ലെ യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ അപേക്ഷ പരിഗണിച്ച സര്‍ക്കാര്‍ ഇത്തവണത്തെ ഓണ കിറ്റിനോടൊപ്പം 20 ഗ്രാം ഏലക്ക കൂടി ഉള്‍പ്പെടുത്തുന്നതിനു തീരുമാനിച്ചിട്ടുണ്ട് സര്‍ക്കാരിന്റെ ഈ തീരുമാനം ജില്ലയിലെ അമ്പതിനായിരത്തോളം വരുന്ന ഏലം കര്‍ഷകര്‍ക്കും ഒന്നര ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ക്കും വളരെയധികം ഉപകാരപ്പെടുമെന്നും അതിജീവനത്തിനായി പാടുപെടുന്ന ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് ഒരു കൈത്താങ്ങാകുമെന്നും കൂടാതെ സംസ്ഥാനത്തൊട്ടാകെയുള്ള ഗുണഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള ഏലക്കാ ലഭിക്കുന്നതിന് ഇടയാകുമെന്നും ഭരണ സമിതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വളരെ പെട്ടെന്ന് അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിച്ച സര്‍ക്കാരിനെയും ജില്ലയിലെ ജനപ്രതിനിധികളെയും ജില്ലാ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. ജില്ലയുടെ കാര്‍ഷികമേഖലയ്ക്ക് സഹായകരമായ ഇടപെടലുകള്‍ തുടര്‍ന്നും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അറിയിച്ചു.