കാസര്‍ഗോഡ്:  ജില്ലയിലെ ഭരണസംവിധാനത്തിലെ ഉന്നതമായ മൂന്ന് സ്ഥാനങ്ങളുടെ ചുമതല വനിതകൾക്ക്. ജില്ലയുടെ കളക്ടറായി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ചുമതലയേറ്റതോടെ ജില്ലയ്ക്ക് ആദ്യ വനിത കളക്ടറെ ജില്ലയ്ക്ക് ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണനും സബ്ബ് കളക്ടർ ഡി ആഐർ മേഘശ്രീയുമാണ് മറ്റു രണ്ടുപേർ. ജില്ലയിലെ 38 പഞ്ചായത്തുകളിൽ 20 പഞ്ചായത്തുകളുടെ ഭരണസാരഥികളും വനിതകളാണ്. ജില്ലയിലെ മൂന്ന് നഗരസഭകളിൽ കാഞ്ഞങ്ങാട് നഗരസഭ ഭരിക്കുന്നത് കെ വി സുജാതയും നീലേശ്വരം നഗരസഭ ഭരിക്കുന്നത് ടി വി ശാന്തയുമാണ്. ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ പരപ്പ, മഞ്ചേശ്വരം കാസർകോട് ബ്ലോക്ക് ഭരണസമിതിക്ക് നേതൃത്വം കൊടുക്കുന്നതും വനിതകൾ തന്നെ.

2010 ഐഎഎസ് ബാച്ചിലെ 69ാം റാങ്ക് കാരിയാണ് മഹാരാഷ്ട്ര സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്. നിലവിൽ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പദവിയിൽ നിന്നാണ് ജില്ലയിലേക്ക് എത്തിയത്. കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വർഗ വകുപ്പ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഫോർട്ട് കൊച്ചി സബ്കളക്ടർ എന്നീ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.

2020 ഡിസംബർ 30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ബേബി ബാലകൃഷണൻ 21ാം വയസിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റായി. കുടുംബശ്രീ ആരംഭിക്കുന്നതിന് മുമ്പേ ഗ്രാമശ്രീ പദ്ധതി നടപ്പിലാക്കി മടിക്കൈയെ മികച്ച പഞ്ചായത്താക്കി മാറ്റാനും അവർക്ക് കഴിഞ്ഞു. പിന്നീട് അവർ ഏറ്റെടുത്ത എല്ലാ പദവികളും മികച്ച പ്രവർത്തനം നടത്താൻ കഴിഞ്ഞു.

ഡി ആർ മേഘശ്രീ കാഞ്ഞങ്ങാട് സബ് കളക്ടറും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായി 2020 സെപ്റ്റംബർ ഏഴിനാണ് ജില്ലയിൽ ചുമതലയേറ്റത്. കർണാടക ചിത്രദുർഗ് സ്വദേശിനിയായ ഇവർ കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിങ് ബിരുദധാരിയാണ്. ഐ.എ.എസ് ലഭിച്ചതിന് ശേഷമുള്ള ആദ്യ നിയമനമാണ് കാഞ്ഞങ്ങാടേത്.