റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന് വന്നതോടെ റേഷന്‍ വിതരണം സുഗമമമായതായി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 944 റേഷന്‍ കടകളിലും ഇ-പോസ് മെഷീന് വഴിയാണ് കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ചെയ്തത്. ഇ- പോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ചാണ് 90 ശതമാനത്തിലധികം കാര്‍ഡുടമകളും റേഷന്‍ വിഹിതം വാങ്ങിയത്. വൈദ്യുതിയും ഇന്റര്‍നെറ്റും ഇല്ലാത്തതിനാല്‍ റേഷന്‍ വാങ്ങാന്‍ ആളുകള്‍ക്ക് ഏറെനേരം കാത്തുനില്‍ക്കേണ്ടി വരുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ആര്.അനില്‍ രാജ് പറഞ്ഞു. എട്ടു മണിക്കൂറിലധികം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന റീചാര്‍ജബ്ള്‍ ബാറ്ററിയാണ് മെഷീനില്‍ ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞ ഉള്‍പ്രദേശങ്ങളില്‍ പ്രശ്നം പരിഹരിക്കാന്‍ ആന്റിനയും റൂട്ടറും നല്‍കിയിട്ടുണ്ട്. ഇങ്ങനെ 40 കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് വേഗതക്കുറവ് പരിഹരിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങളില്‍ ആര്‍ക്കും റേഷന്‍ വാങ്ങാം. ആധാര്‍ രജിസ്ട്രേഷന് നടത്തിയിരിക്കണം എന്നു മാത്രം. നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് സമ്മതപത്രവുമായി മറ്റൊരാളെ പറഞ്ഞയക്കാം. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.
കേരളത്തിലെ റേഷന്‍ വിതരണം നിയന്ത്രിക്കുന്നത് ആന്ധ്രയിലെ സെര്‍വറിലാണ്. ഇ-പോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുമ്പോള്‍ വിരലടയാളം മെഷീന് തിരിച്ചറിയാന്‍ പരമാവധി 28 സെക്കന്റ് സമയം മാത്രം മതി. കുടുതല്‍ സമയം കാത്തിരിക്കേണ്ട ആവശ്യമില്ല. കടകളില്‍ സ്റ്റോക്ക് എത്തുന്ന വിവരം കാര്‍ഡുടമകള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനാല്‍ പല തവണ റേഷന്‍ കടകളില്‍ കയറിയിറങ്ങേണ്ടി വരുന്നില്ല. നീക്കിയിരിപ്പുള്ള സ്റ്റോക്ക് വിവരങ്ങള്‍ കൃത്യമായി സിവില്‍ സപ്ലൈസിന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നതിനാല് പൊതുജനങ്ങള്‍ക്കും ഇക്കാര്യം പരിശോധിക്കാനുള്ള അവസരമുണ്ട്.