സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളിൽ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളുടെയും ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും 2021-22 വർഷത്തെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു 16 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ്്  ഹാളിൽ നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

ഭിന്നശേഷിക്കാരുടെ ചലനസ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്രവും ഉറപ്പ് വരുത്തുന്നതിനുള്ള സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്ന ശുഭയാത്ര, കേൾവി പരിമിതർക്ക്  ഡിജിറ്റൽ ശ്രവണ സഹായികൾ നൽകുന്ന ശ്രാവൺ, കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോണും പരിശീലനവും നൽകുന്ന കാഴ്ച, 12 വയസിന് താഴെ പ്രായവും ഗുരുതര ഭിന്നശേഷിയുള്ള കുട്ടികൾക്ക് 18 വയസുവരെ 20000 രൂപ വീതം നിക്ഷേപിക്കുന്ന ഹസ്തദാനം തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്താക്കൾക്കുള്ള ആനൂകൂല്യങ്ങളുമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം മറ്റു ജില്ലകളിലും നിയോജകമണ്ഡലത്തിലും സഹായ ഉപകരണങ്ങളും ക്ഷേമപദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്യും.