മലപ്പുറം: ജില്ലയില്‍  ബുധനാഴ്ച (2021 ജൂലൈ 14) 2,030 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 9.79 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,624 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ്മുക്തരായവരുടെ എണ്ണം 3,40,541 ആയി.

ബുധനാഴ്ച രോഗബാധിതരായവരില്‍ 1,968 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. 29 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 25 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 49,623 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയിലിപ്പോള്‍ 18,321 കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 610 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 321 പേരും 129 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 541 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,334 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.