കൊല്ലം: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൊല്ലം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്തില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് സാം കെ. ഡാനിയല്‍ സെക്രട്ടറി കെ. പ്രസാദിന് വിത്തുകള്‍ കൈമാറി. കൊല്ലം കൃഷിഭവനോട് ചേര്‍ന്നുള്ള ജില്ലാപഞ്ചായത്ത് പരിസരത്തെ തരിശ് ഭൂമിയില്‍ പച്ചക്കറി കൃഷി ആരംഭിക്കും.

ഗ്രന്ഥശാലാ ബാലവേദികളുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയ കൃഷി രീതികള്‍ പകര്‍ന്നു നല്‍കുന്ന നൂതന പദ്ധതിയും ജില്ലാ പഞ്ചായത്ത് ഈ സാമ്പത്തികവര്‍ഷം നടപ്പിലാക്കും, പ്രസിഡന്റ് വ്യക്തമാക്കി. അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ പ്രദീപ് കുമാര്‍, സുപ്രണ്ടുമാരായ വി. ബിനുകുമാര്‍, ഷീബ കെ. സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.