ഇടുക്കി:സിക്ക വൈറസ് രോഗബാധക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇടുക്കി ജില്ലാ ആരോഗ്യ വിഭാഗം തീരുമാനിച്ചു. ഇതു സംബന്ധിച്ചു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയയുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ യോഗം ചേര്‍ന്നു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലാകമാനം ശക്തിപ്പെടുത്തുവാന്‍ തീരുമാനിച്ചു.

ഈ രോഗം പകര്‍ത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഉള്ളതായി യോഗം വിലയിരുത്തി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊതുക് നിയന്ത്രണ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും കാര്യക്ഷമമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനുമായി ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതല പ്രവര്‍ത്തന രൂപരേഖ തയാറാക്കി.

🔷️യോഗ തീരുമാനങ്ങള്‍🔷️

1. ഫീല്‍ഡ് തല കൊതുക് നിയന്ത്രണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.
2. കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിനെ ചുമതലപ്പെടുത്തി.
3. ഗര്‍ഭിണികളിലെ രോഗബാധ ഒഴിവാക്കുവാന്‍ ആശ വര്‍ക്കര്‍മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, തുടങ്ങിയവരിലൂടെ ആവശ്യമായ ബോധവല്‍ക്കരണ, നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തും.
4. സിക്ക വൈറസ് രോഗബാധയുള്ള പ്രദേശങ്ങളില്‍ ‘നിന്നെത്തുന്നവരെ രണ്ടാഴ്ച നിരീക്ഷണത്തിലാക്കും.
5. ജില്ലയിലെ ഗൈനക്കോളജിസ്റ്റുകള്‍, ശിശുരോഗ വിധഗ്ദ്ധര്‍, തുടങ്ങിയവര്‍ക്ക് സിക്ക രോഗബാധ ഗര്‍ഭിണികളിലും ശിശുക്കളിലും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
6. വീടുകള്‍, സ്ഥാപനങ്ങള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സിക്ക വൈറസ് രോഗം പകര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ വളരുന്ന സാഹചര്യം ഒഴിവാക്കാന്‍ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും.
7. സിക്ക വൈറസ് രോഗം പകര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. അതിനാല്‍ പകല്‍ സമയത്തെ കൊതുക് കടി ഒഴിവാക്കുവാക്കുന്നതിനായി കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക, ശരീരം മറക്കുന്ന വസ്ത്രധാരണം നടത്തുക,
8. കൊതുക് കൂത്താടി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി ആഴ്ചയിലൊരിക്കല്‍ ഡ്രൈ-ഡേ ആചരിക്കുക
9. ഗര്‍ഭിണികളില്‍ പനി, തിണര്‍പ്പ്, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, കണ്ണില്‍ ചുവപ്പ്, തലവേദന എന്നിവ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.