– പരീക്ഷയെഴുതിയ 21,968 പേരിൽ 21,917 പേർ ജയിച്ചു
– 6020 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്
– എ പ്ലസിൽ പെൺതിളക്കം
– വിജയശതമാനത്തിൽ കുട്ടനാട് വിദ്യാഭ്യാസ ജില്ല മുമ്പിൽ
– 127 സ്‌കൂളുകളിൽ നൂറുമേനി വിജയം

ആലപ്പുഴ: എസ്.എസ്.എൽ.സി. പരീക്ഷയിൽ ജില്ലയിൽ 99.77 ശതമാനം വിജയം. പരീക്ഷയെഴുതിയ 21,968 വിദ്യാർഥികളിൽ 21,917 പേർ വിജയിച്ചു. 11,245 ആൺകുട്ടികളും 10,672 പെൺകുട്ടികളും ഉപരിപഠനത്തിന് അർഹരായി. ജില്ലയിൽ 127 സ്‌കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 7160 പേരിൽ 7138 പേരും (99.69 ശതമാനം,) ആലപ്പുഴയിൽ പരീക്ഷയെഴുതിയ 6392 പേരിൽ 6380 പേരും (99.8 ശതമാനം) ചേർത്തലയിൽ പരീക്ഷയെഴുതിയ 6369 പേരിൽ 6354 പേരും (99.76 ശതമാനം) വിജയിച്ചതായി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതിയ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 2047 പേരിൽ 2045 പേർ വിജയിച്ചു. 99.90 ശതമാനമാണ് വിജയം. 6020 പേർ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. എ പ്ലസ് നേടിയവരിൽ കൂടുതലും പെൺകുട്ടികളാണ്. 4012 പെൺകുട്ടികളും 2008 ആൺകുട്ടികളുമാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.

ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികളുള്ളത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്-1997 പേർ. ഇവിടെ 1342 പെൺകുട്ടികളും 655 ആൺകുട്ടികളും എ പ്ലസ് നേടി. ആലപ്പുഴയിൽ 1275 പെൺകുട്ടികളും 638 പെൺകുട്ടികളും കുട്ടനാട്ടിൽ 371 പെൺകുട്ടികളും 216 ആൺകുട്ടികളും ചേർത്തലയിൽ 1024 പെൺകുട്ടികളും 499 ആൺകുട്ടികളും എ പ്ലസ് കരസ്ഥമാക്കി. ജില്ലയിൽ 45 സർക്കാർ സ്‌കൂളുകളും 76 എയ്ഡഡ് സ്‌കൂളുകളും ആറ് അൺഎയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം കൊയ്തു.