ആലപ്പുഴ: എഫ്.സി.ഐ. ഗോഡൗണിലെ റേഷൻ ഭക്ഷ്യധാന്യങ്ങൾ ഇന്നു(ജൂലൈ 15) വൈകിട്ട് അഞ്ചിനകം ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെത്തിക്കും. കളക്‌ട്രേറ്റിൽ അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ജെ. മോബിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും തൊഴിലാളി യൂണിയൻ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാൻ കരാറുകാർക്ക് നിർദേശം നൽകി. 119 ലോഡ് ഭക്ഷ്യധാന്യങ്ങളാണ് മൂന്നു താലൂക്കുകളിലായി എത്തിക്കുക. ഭക്ഷ്യധാന്യ വിതരണത്തിൽ തടസമുണ്ടാകാൻ പാടില്ലെന്ന് എ.ഡി.എം. നിർദേശം നൽകി. ജില്ല സപ്ലൈ ഓഫീസർ എം.എസ്. ബീന, ജില്ല ലേബർ ഓഫീസർമാരായ ആർ. ഷൈലജ, എം.എസ്. വേണുഗോപാൽ, സപ്ലൈകോ റീജണൽ മാനേജർ എൽ.മിനി, സപ്ലൈകോ ജില്ല ഡിപ്പോയിലെ ഉദ്യോഗസ്ഥർ ജി. ഓമനക്കുട്ടൻ, കരാറുകാർ, തൊഴിലാളി യൂണിയൻ പ്രതിനിധിൾ എന്നിവർ പങ്കെടുത്തു.