തൃശ്ശൂർ: സംസ്ഥാനത്താദ്യമായി എം എൽ എ ഫണ്ടിൽ നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. മൂന്ന് നിലകളിലായാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്.ഇതിൻ്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി.ആറു മാസത്തിനുള്ളിൽ മുഴുവൻ നിർമാണവും പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. സ്ഥലം എം എൽ എ എ സി മൊയ്തീൻ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രിയായിരിക്കെയാണ് 2020ൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇതിനായി ഒന്നര കോടി രൂപ അനുവദിച്ചത്.

പണി പൂർത്തീകരിച്ചാൽ ആധുനിക സൗകര്യങ്ങളോടെയുള്ള സംസ്ഥാനത്തെ മികച്ച പൊലീസ് സ്‌റ്റേഷനായി കുന്നംകുളം പൊലീസ് സ്റ്റേഷൻ മാറുമെന്നതാണ് പ്രത്യേകത.തൃശൂർ റോഡിലുള്ള പഴയ പൊലീസ് സ്റ്റേഷൻ പൊളിച്ചാണ് കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ ഹൈടെക് പൊലീസ് സ്റ്റേഷന്  തറക്കല്ലിട്ടത്. തുടർന്ന് വേഗത്തിൽ തന്നെ പണി ആരംഭിക്കുകയായിരുന്നു. എയർ കണ്ടീഷൻ, ലിഫ്റ്റ്, ടി വി ഹാൾ, കോൺഫറൻസ് ഹാൾ, സന്ദർശക മുറി, വാഹന പാർക്കിങ്, ഗാർഡൻ, കവാടം മുതലായ സൗകര്യങ്ങളോടെയാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്.

ജില്ലയിലെ വലിയ പൊലീസ് സ്റ്റേഷനുകളിലൊന്നായ ഈ സ്‌റ്റേഷനിൽ മൂന്നു നിലകളിലും കാര്യക്ഷമമായ പ്രവർത്തനം സജ്ജമാക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയെ തുടർന്ന് എ സി മൊയ്തീൻ എം എൽ എ നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി. ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.

പോലീസ് സ്‌റ്റേഷൻ്റെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി എം എൽ എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി അനുവദിക്കാനുള്ള ശ്രമത്തിലാണ് എം എൽ എ. ഇതിൻ്റെ ഭരണാനുമതിക്കായി കത്ത് നൽകിയതായും എം എൽ എ അറിയിച്ചു.10,500 ചതുരശ്രയടി വിസ്തീർണത്തിലാണ് ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്. വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. ജില്ലാ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിനാണ് നിർമാണ പ്രവൃത്തിയുടെ മേൽനോട്ടം നൽകിയിരിക്കുന്നത്.

കുന്നംകുളം നഗരസഭ എൻജിനീയറിങ് വിഭാഗമാണ് രൂപരേഖ തയ്യാറാക്കിയതും പ്രവർത്തനങ്ങളിൽ മുഖ്യ സഹായം നൽകുന്നതും. തൃശൂർ റോഡിലെ പൊലീസ് സ്റ്റേഷൻ പൊളിക്കൽ നടപടികൾക്കായി അടച്ചതിനെ തുടർന്ന് ഗുരുവായൂർ റോഡിലെ താൽകാലിക കെട്ടിടത്തിലാണ് ഇപ്പോൾ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പൊലീസ് സ്റ്റേഷൻ വാടക കെട്ടിടത്തിലേക്ക് മാറ്റിയതോടെ പരാതികൾ സ്വീകരിക്കലും എഫ് ഐ ആർ രജിസ്ട്രേഷനുമെല്ലാം വളരെ നല്ല രീതിയിൽ തന്നെ നടത്താനാകുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.