തൃശ്ശൂർ: ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ കുതിരാന്‍ സന്ദര്‍ശിച്ചു. കലക്ടറായി ചുമതലയേറ്റശേഷം കുതിരാനിലെ ആദ്യത്തെ സന്ദര്‍ശനമാണ് ഇത്. കുതിരാനാലില്‍ നടന്നു വരുന്ന നിര്‍മാണങ്ങള്‍ കലക്ടര്‍ വിലയിരുത്തി. ഇടത് ടണല്‍ ഓഗസ്റ്റില്‍ ഗതാഗതത്തിനായി തുറന്നു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കുതിരാനില്‍ നടന്നു വരുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും മികച്ച നിലയിലാണ് നിര്‍മാണം മുന്നോട്ടു പോകുന്നത്. നിശ്ചിത സമയത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം സാധ്യമാകുമെന്ന ശുഭപ്രതീക്ഷയാണ് ബന്ധപ്പെട്ടവര്‍ നല്‍കിയതെന്ന് കലക്ടര്‍ പറഞ്ഞു.

ടണലിന്റെ തൃശൂര്‍, പാലക്കാട് ഭാഗങ്ങളിലെ പ്രവേശന കവാടം, കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം, ടണലിന്റെ അകത്ത് നടക്കുന്ന നിര്‍മാണം, ശുചീകരണം, ഫയര്‍ ആന്റ് സേഫ്റ്റി, പ്രവേശന റോഡുകളിലെ മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങിയവ കലക്ടര്‍ വിലയിരുത്തി. കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള നിര്‍മാണമാണ് നിലവില്‍ നടന്നു വരുന്നത്. പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, ജില്ലാ വികസന കമ്മീഷ്ണര്‍ അരുണ്‍ കെ വിജയന്‍, അസി. കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.