വയനാട്: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലുള്‍പ്പെടുത്തി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി നല്‍കുന്ന സങ്കരയിനം കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം തുടങ്ങി. പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനം പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. കശുമാവ് വികസന ഏജന്‍സി വയനാട് ജില്ലാ ഫീല്‍ഡ് ഓഫീസര്‍ സോണി ഇ.കെ സ്വാഗതം പറഞ്ഞു.

വയനാടന്‍ കാലാവസ്ഥക്ക് അനുയോജ്യമായതും അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും കൂടിയതും മൂന്ന് വര്‍ഷം കൊണ്ട് കായ് ഫലം തരുന്നതുമായ 50000 തൈകളാണ് വിതരണം ചെയ്യുന്നത്. ഫെബ്രുവരി മാസത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി നടത്തിയ ശാസ്ത്രീയ കശുമാവ് കൃഷി രീതികളെ സംബന്ധിച്ച പരിശീലനത്തെ തുടര്‍ന്ന് കര്‍ഷകരില്‍നിന്നും ലഭിച്ച അപേക്ഷ പ്രകാരമാണ് തൈകള്‍ നല്‍കുന്നത്.

പദ്ധതിയേക്കുറിച്ച് കൂടുതല്‍ അറിയുവാനും കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ ലഭിക്കുന്നതിനുമായി www.kasumavukrishi.org, www. cashewcultivation .org എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈനായോ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്തു ആവശ്യമായ രേഖകള്‍ സഹിതം തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍. 9496002848.