79 -മത് സാമൂഹിക സാമ്പത്തിക പൈലറ്റ് സര്വേ ജൂലൈ 15 ന് ആരംഭിക്കുമെന്ന് കോഴിക്കോട് നാഷണല് സ്റ്റാറ്റിസ്റ്റിക്കല് ഓഫീസ് ഡയറക്ടര് എഫ് മുഹമ്മദ് യാസിര് അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ഇന്ഫര്മേഷന് ആന്ഡ് കമ്മ്യൂണിക്കേഷന്സ് ടെക്‌നോളജി എന്നീ മൂന്ന് മൊഡ്യൂളുകള് ചേര്ന്ന വാര്ഷിക മൊഡ്യൂളര് സര്വേയും, ആയുഷ് സര്വേയുമാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. വിവരശേഖരണത്തിന് എടുക്കുന്ന സമയം, വിവിധ ചോദ്യങ്ങളുടെ ക്രമം, വിവരശേഖരണത്തിന്റെ അനായാസത തുടങ്ങിയ കാര്യങ്ങള് പരിശോധിക്കാനാണ് പൈലറ്റ് സര്വേ നടത്തുന്നത്. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും വിദ്യാഭ്യാസ നിലവാരവും വിവിധ യോഗ്യതകളും പ്രത്യേകം രേഖപ്പെടുത്തും. കമ്പ്യൂട്ടര്, മൊബൈല് തുടങ്ങിയവയുടെ ഉപയോഗം, ഇന്റര്നെറ്റിന്റെ വിവിധ ഉപയോഗങ്ങളെ സംബന്ധിച്ചുള്ള കുടുംബാംഗങ്ങളുടെ കഴിവ്, ആയുര്വേദം, യൂനാനി, ഹോമിയോ, യോഗ ഉള്പ്പെടെ ആയുഷിന്റെ വിവിധ വിഭാഗങ്ങളിലായി കുടുംബത്തിലെ ഓരോ അംഗങ്ങളും നടത്തിയ ചികിത്സകളുടെയും ചെലവുകളുടെയും വിവരങ്ങള്, ഗര്ഭകാലത്തും പ്രസവത്തിന് ശേഷവും നടത്തിയ ആയുഷ് ചികിത്സകള് തുടങ്ങിയ കാര്യങ്ങള് പൈലറ്റ് സര്വേയില് ശേഖരിക്കും. കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിലെ 32 വീടുകളില് ഒരാഴ്ച കൊണ്ട് പൈലറ്റ് സര്വേ പൂര്ത്തിയാക്കും.