ആലപ്പുഴ: സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കരിപ്പുഴ കൊച്ചുപാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പിന്റെ പ്രവർത്തനങ്ങൾ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജനങ്ങളോട് കൂടുതൽ ചേർന്ന് നിൽക്കുന്നതാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമാണ് പൊതുജനങ്ങൾക്ക് നേരിട്ട് വകുപ്പിനെ സംബന്ധിച്ച പരാതികൾ അറിയിക്കാനായി ഒരുക്കിയിരിക്കുന്ന പി.ഡബ്ലിയു.ഡി. ഫോർ യൂ ആപ്ലിക്കേഷൻ.

7500 പരാതികളാണ് ഇതുവരെ ഇതിലൂടെ ലഭിച്ചത്. ജനങ്ങളെ വകുപ്പിന്റെ കാവൽക്കാരാക്കുന്ന നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പൊതുമരാമത്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ചകൾക്കായി ജനപ്രതിനിധികളുടെ വിപുലമായ യോഗം ഉടൻ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്താകമാനം പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ പുരോഗമനപരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. റോഡുകൾ സംബന്ധിച്ച് ഏറെ ചർച്ച ചെയ്യുന്ന വിഷയമായ പൈപ്പ് ലൈനിന്റെ അറ്റകുറ്റ പണികൾക്കായി റോഡ് പൊളിക്കുന്നത് ഒഴിവാക്കാനുള്ള ശാശ്വത പരിഹാരം കാണും. ഇതിനായി വകുപ്പുകളെ ഏകോപ്പിപ്പിച്ച് പോർട്ടൽ സംവിധാനം ഒരുക്കും.

കുതിരാൻ തുരങ്കത്തിലൂടെയുള്ള ഗതാഗതം സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും ഓഗസ്റ്റ് മാസത്തോടെ കുതിരാനിലെ ഒരു ടണൽ ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

തട്ടാരമ്പലം -തൃക്കുന്നപ്പുഴ റോഡിൽ ഇടുങ്ങിയതും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലും ആയിരുന്ന കരിപ്പുഴ കൊച്ചുപാലം 4.16 കോടി രൂപ ചെലവഴിച്ചാണ് പുനർനിർമിച്ചത്. മാവേലിക്കര നഗരത്തെയും ദേശീയ പാത 66 നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് കരിപ്പുഴ കൊച്ചുപാലം. ആർ.സി.സി. ഇന്റഗ്രൽ സോളിഡ് സ്ലാബ് എന്ന രീതിയിലാണ് പാലത്തിന്റെ രൂപകല്പന. ഒരു സ്പാനുള്ള പാലത്തിന്റെ നീളം 15 മീറ്ററാണ്. രണ്ടുവരി വാഹന ഗതാഗതത്തിനായി 7.50 മീറ്റർ വീതിയുള്ള കാര്യേജ് വേയും 1.25 മീറ്റർ വീതിയിൽ ഇരുവശങ്ങളിൽ നടപ്പാതയും ഉൾപ്പടെ 10.50 മീറ്ററാണ് പാലത്തിന്റെ വീതി. എട്ട് മാസം കൊണ്ടാണ് പഴയ പാലം പൊളിച്ചുനീക്കി പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

രമേശ് ചെന്നിത്തല എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ പി.ആർ. മഞ്ജുഷ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡോ. എ. സിനി എന്നിവർ പങ്കെടുത്തു.