സംസ്ഥാനത്ത് യുവജന ശാക്തീകരണത്തിനും സന്നദ്ധ, സേവന, സാംസ്‌കാരിക പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് ഏജൻസികളുടെ പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് യുവജനക്ഷേമ മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നെഹ്‌റു യുവ കേന്ദ്ര, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത നിയന്ത്രണത്തിലുള്ള നാഷണൽ സർവീസ് സ്‌കീം, നാഷണൽ കേഡറ്റ് കോർപ്‌സ്, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള യുവജനക്ഷേമ ബോർഡ്, സ്റ്റുഡന്റ്‌സ് പോലീസ്, യൂത്ത് കമ്മീഷൻ, ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് തുടങ്ങി വിവിധ സർക്കാർ ഏജൻസികൾ ഇതിന്റെ ഭാഗമാകും.

യുവജനക്ഷേമ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികളുടെ മേധാവികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പ്രഥമ ഘട്ടത്തിൽ പ്ലാറ്റ്‌ഫോമിന്റെ നേതൃത്വത്തിൽ സാംസ്‌കാരിക വിദ്യാഭ്യാസം, നൈപുണ്യ വികസനം, സ്ത്രീ സുരക്ഷ, ദുരന്തനിവാരണം, സന്നദ്ധ രക്തദാനം, നിയമ ബോധനം, ലഹരി നിർമാർജനം, ജീവിത നൈപുണ്യ പരിശീലന പരിപാടി, ശുചിത്വം, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനമായി. സംസ്ഥാന തലത്തിൽ യുവജനക്ഷേമ മന്ത്രി അധ്യക്ഷനായി രൂപീകരിക്കുന്ന കൺസോർഷ്യത്തിന്റെ പ്രവർത്തനം ജില്ലാ-ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് തലങ്ങളിലേക്കും വാർഡുകളിലേക്കും വ്യാപിപ്പിക്കും. സാംസ്‌കാരിക വകുപ്പ് സ്ത്രീ സമത്വത്തിനായി ആവിഷ്‌കരിച്ച ‘സമം ‘ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ യുവജനങ്ങളെ സജീവമായി അണി നിരത്തുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ചേംമ്പറിൽ നടന്ന യോഗത്തിൽ യൂത്ത് കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, യുവജന ക്ഷേമ ബോർഡ് സെക്രട്ടറി വി ഡി പ്രസന്നകുമാർ, നെഹ്‌റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ കെ കുഞ്ഞഹമ്മദ്, ഡെപ്യൂട്ടി ഡയറക്ടർ ബി അലി സാബ്രിൻ, യുവജന – കായിക അഡീഷണൽ ഡയറക്ടർ കെ എസ് ബിന്ദു, എൻ എസ് എസ് കോഓർഡിനേറ്റർ പ്രൊഫ. ജ്യോതിരാജ്, എസ്. പി. സി അഡിഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസർ കെ. മുഹമ്മദ് ഷാഫി വിവിധ സാംസ്‌കാരിക വകുപ്പ് മേധാവികൾ, യുവജന സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.