ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ ആഭിമുഖ്യത്തില് അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് പ്ലസ് ടു, ബിരുദം, ബിരുദാന്തര ബിരുദം കഴിഞ്ഞവര്ക്കായി സ്‌കില് കരിയര് കൗണ്സിലിംഗിന് ജില്ലയില് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടര് അശ്വതി ശ്രീനിവാസ് നിര്വഹിച്ചു. സ്‌കില് കരിയര് കൗണ്സിലിംഗുകള് തൊഴില്പരമായി മാത്രമല്ല വ്യക്തിത്വ വികസനത്തിനും ഉപകാരപ്രദമായി മാറുമെന്ന് അസിസ്റ്റന്റ് കലക്ടര് പറഞ്ഞു. യുവാക്കള്ക്ക് തൊഴില്തലങ്ങള് തിരഞ്ഞെടുക്കാനുള്ള സാധ്യത നിലവിലുണ്ട്. മെച്ചപ്പെട്ട തിരഞ്ഞെടുക്കല് ജീവിതത്തില് വലിയ മാറ്റങ്ങള് കൊണ്ടുവരുമെന്നും അസിസ്റ്റന്റ് കലക്ടര് അഭിപ്രായപ്പെട്ടു.
നിലവില് 80 പേരാണ് സ്‌കില് കരിയര് കൗണ്സിലിംഗിന് പേര് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ജൂലൈ 29 വരെ രണ്ടാഴ്ച നീളുന്ന സ്‌കില് കരിയര് കൗണ്സിലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി പ്ലസ് ടു, ബി എ, ബികോം, ബിബിഎ, ബി.എസ്.സി, ബിടെക്, എംടെക്, എം.എസ്.സി, എംകോം, എംബിഎ, എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ് തുടങ്ങിയ കോഴ്സുകള് കഴിഞ്ഞവര്ക്കുള്ള സ്‌കില് കോഴ്സുകള് പരിചയപ്പെടുത്തുകയും അവയുടെ സാധ്യതകള് വിശദീകരിക്കുകയും ഇത്തരത്തിലുള്ള കോഴ്സുകളില് ചേരാനുള്ള രീതികള് വിശദീകരിച്ച് കൊടുക്കുകയും ചെയ്യും. രജിസ്റ്റര് ചെയ്ത യുവാക്കളെ ഭാഗമാക്കി അവര് തിരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരെ ഉള്ക്കൊള്ളിച്ചുള്ള വെബിനാര് സീരീസുകള് നല്കും.
ഓണ്ലൈനായി നടന്ന ഉദ്ഘാടന പരിപാടിയില് അസാപ് ജില്ലാ പ്രോഗാം മാനേജര് എസ്. ശ്രീരഞ്ജ്, അസാപ് ട്രെയിനിങ് ഹെഡ് ടി.വി ഫ്രാന്സിസ് എന്നിവര് സംസാരിച്ചു.
സ്‌കില് കരിയര് കൗണ്സിലിംഗില് പങ്കെടുക്കാന് താല്പര്യമുള്ളവര് https://forms.gle/KCLLQFrwm8PoSX4o9 ലിങ്കില് നിര്ബന്ധമായും രജിസ്റ്റര് ചെയ്യണം. ഓണ്ലൈനായും ടെലിഫോണിലൂടെയും ലക്കിടിയിലുള്ള അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില് പാര്ക്കില് സന്ദര്ശിച്ചും കൗണ്സിലിംഗില് പങ്കെടുക്കാം. ഫോണ് – 9995031619/ 9495999697/ 8089736215 / 7012966628