ജില്ലാ കളക്ടർ മുതൽ വില്ലേജ് അസിസ്റ്റന്റു വരെയുള്ള ഉദ്യോഗസ്ഥർക്ക് കാറ്റഗറി തിരിച്ച് പ്രകടനം അടിസ്ഥാനമാക്കി റവന്യു അവാർഡുകൾ നൽകുമെന്ന് റവന്യു, ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ പറഞ്ഞു. ഇതിന് പ്രത്യേക മാനദണ്ഡം നിശ്ചയിക്കാൻ ലാൻഡ് റവന്യു കമ്മീഷണറോട് റവന്യു സെക്രട്ടറിയേറ്റ് നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 24ന് റവന്യൂ ദിനത്തിൽ അവാർഡുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. കാസർകോട് കളക്ടറേറ്റിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
100 ദിന കർമ പരിപാടിയുടെ ഭാഗമായി ആഗസറ്റ് മാസത്തിൽ തന്നെ പട്ടയങ്ങൾ വിതരണം ചെയ്യും. ആവശ്യമായ രേഖകൾ ഉള്ള അർഹരായ എല്ലാ അപേക്ഷകർക്കും വേഗത്തിൽ പട്ടയം ലഭ്യമാക്കുന്നതിനാണ് പ്രധാന പരിഗണന. എല്ലാ ഭൂമിക്കും രേഖ ഉറപ്പാക്കും. അനുവദിക്കാൻ കഴിയുന്ന മുഴുവൻ പട്ടയങ്ങളും വിതരണം ചെയ്യുകയാണ് സർക്കാർ ലക്ഷ്യം. സാധാരണക്കാർക്ക് മനുഷ്യത്വപരമായ സമീപനം ഉറപ്പാക്കും. അനധികൃത കൈയേറ്റങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
ഭൂമിയുടെ രജിസ്ട്രേഷൻ മുതൽ ലൊക്കേഷൻ സ്‌കെച്ച് വരെയുള്ളവക്കായി റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ നിലവിലെ പോർട്ടലുകൾ, സാങ്കേതിക സംവിധാനങ്ങൾ സംയോജിപ്പിച്ച് ഇന്റഗ്രേറ്റഡ് പോർട്ടൽ തയ്യാറാക്കും. സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറും. കെട്ടിടത്തിനൊപ്പം ഇവിടങ്ങളിലെ സേവനങ്ങളും സ്മാർട്ടാകും. ഇതിന്റെ നടപടികൾ വിലയിരുത്താൻ രണ്ട് മാസത്തിലൊരിക്കൽ തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവരുടെയും ഓരോ മാസത്തിലും ജില്ലാ കളക്ടർ, സബ് കളക്ടർ ആർ.ഡി.ഒ, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെയും യോഗം റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരും. മുഴുവൻ വില്ലേജ് ഓഫീസുകൾക്കും ഒരു വർഷത്തിനകം ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികൾ ഊർജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.
റവന്യൂ ഉദ്യോഗസ്ഥർക്ക് ഐ.എൽ.ഡി.എമ്മുമായി ചേർന്ന് കാലാനുസൃതമായി പരിശീലനം നൽകും. പൊതുജനങ്ങൾക്കും ജീവനക്കാർക്കും സംശയനിവാരണത്തിനും വിവരങ്ങൾ അറിയുന്നതിനുമായി ടോൾ ഫ്രീ നമ്പർ തയ്യാറാക്കും. ഇതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.രാജൻ അറിയിച്ചു.
ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, എ.ഡി.എം എ.കെ. രമേന്ദ്രൻ, സബ് കളക്ടർ ഡി.ആർ. മേഘശ്രീ, ആർ.ഡി.ഒ അതുൽ എസ്.നാഥ്, സർവേ ഡെപ്യൂട്ടി ഡയരക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, ഡെപ്യൂട്ടി കളക്ടർമാരായ കെ. രവികുമാർ, സിറോഷ്. പി. ജോൺ, വി. സൂര്യനാരായണൻ, എ. സാജിദ്, ഫിനാൻസ് ഓഫീസർ കെ. സതീശൻ, തഹസിൽദാർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.