സംസ്ഥാനത്ത് ഭൂമിയുടെ ഡിജിറ്റൽ റീസർവേ വേഗത്തിൽ പൂർത്തിയാക്കുമെന്ന് റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. നിലവിൽ റീസർവേ 54 ശതമാനം പൂർത്തിയായിട്ടുണ്ട്. 100 ദിവസം കൊണ്ട് 100 വില്ലേജുകളിൽ റീസർവേ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 40 സ്ഥലങ്ങളിൽ സിഗ്നൽ സ്റ്റേഷൻ സ്ഥാപിക്കും. ആർ.ടി.കെ. മെഷീൻ ഉപയോഗിക്കുന്നത് വഴി കൃത്യമായ കാലയളവിൽ ഡിജിറ്റൽ സർവേ പൂർത്തീകരിക്കാൻ കഴിയുമെന്നും ഇതുവഴി സർക്കാർ ഭൂമി തിരികെ ലഭ്യമാക്കാൻ കഴിയുമെന്നും കാസർകോട് വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ, എല്ലാവർക്കും സേവനം എന്നീ മൂന്ന് ലക്ഷ്യങ്ങളുമായാണ് റവന്യൂ വകുപ്പ് മുന്നോട്ട് പോകുന്നത്. നിലവിലെ ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ച് പരമാവധി പേർക്ക് പട്ടയങ്ങൾ ലഭ്യമാക്കും. 100 ദിവസത്തിനുള്ളിൽ 12000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അന്യായമായി കൈയേറിയ മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കും. എത്ര ഉന്നതൻ ആയാലും നടപടി നേരിടേണ്ടി വരും. ഒരു സെന്റ് ഭൂമി പോലും അന്യാധീനപ്പെടില്ല. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം സാധ്യമാക്കുക എന്നത് സർക്കാരിന്റെ നയമാണ്. സംസ്ഥാനത്ത് ഏകീകൃതമായ തണ്ടപ്പേർ ഉണ്ടാക്കാനുള്ള നടപടി അതിവേഗം പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രജിസ്‌ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളെ ചേർത്ത് ഭൂമി വിനിമയത്തിന് ഇൻറഗ്രേറ്റഡ് പോർട്ടൽ സ്ഥാപിക്കും. ഈ വകുപ്പുകളിലെ മുഴുവൻ ഒഴിവുകളും ഈയാഴ്ച തന്നെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട് ആക്കും. കാസർകോട് ജില്ലയിലെ ഗ്രൂപ്പ് വില്ലേജ് പ്രശ്‌നത്തിന് പരിഹാരം കാണും. ഇക്കാര്യം ചർച്ച ചെയ്യാൻ കാസർകോട്ടെ എം.എൽ.എമാരുടെ യോഗം ജൂലൈ 22ന് തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി അറിയിച്ചു.