ജില്ലയിൽ കോവിഡ് പരിശോധനകൾ വർധിപ്പിക്കേണ്ടതിനാൽ, കോവിഡ് രോഗലക്ഷണമുള്ളവരും രോഗികളുമായി പ്രാഥമിക സമ്പർക്കത്തിൽ പെട്ട മുഴുവൻ പേരും പരിശോധനക്ക് വിധേയരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ.ആർ രാജൻ അറിയിച്ചു. ജില്ലയിൽ കോവിഡ് വ്യാപന തോത് കൃത്യമായി മനസ്സിലാക്കാൻ പരിശോധനകൾ വർധിപ്പിക്കേണ്ടതുണ്ട്. പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവരുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ, സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയുന്ന ആരോഗ്യപ്രവർത്തകർ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, വ്യാപാരികൾ, ഓട്ടോ, ടാക്‌സി ബസ് തൊഴിലാളികൾ, ഇരുപത്തിയഞ്ചിൽ കൂടുതൽ പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ മാസത്തിൽ ഒരു തവണയെങ്കിലും കോവിഡ് പരിശോധനക്ക് വിധേയരാകേണ്ടതാണ്. മേൽപറഞ്ഞ മുഴുവൻ പേരും പരിശോധനയ്ക്ക് വിധേയരായെന്ന് പഞ്ചായത്തുതല ജാഗ്രത സമിതികളും, സ്ഥാപനമേധാവികളും ബന്ധപ്പെട്ട അധികൃതരും ഉറപ്പുവരുത്തേണ്ടതാണ്. കോവിഡ് വ്യാപന നിരക്ക് കുറഞ്ഞു വരാത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും ഡി.എം.ഒ അറിയിച്ചു.