ആലപ്പുഴ: ജില്ലയില്‍ ജൂലൈ 19 മുതല്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങും. കോവിഡ് രോഗത്തില്‍ നിന്നും അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കാന്‍ ആദ്യം ലഭിക്കുന്ന അവസരത്തില്‍ തന്നെ വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.. സര്‍ക്കാര്‍ ആശുപത്രികളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമാണ് ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമാക്കിയിട്ടുള്ളത്. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിച്ച് ആത്മവിശ്വാസത്തോടെ വാക്സിന്‍ സ്വീകരിക്കുക. സംശയങ്ങള്‍ക്കുള്ള മറുപടി ചുവടെ.
1. ഗര്‍ഭാവസ്ഥയില്‍ എപ്പോഴാണ് വാക്സിന്‍ എടുക്കേണ്ടത്.
– ഗര്‍ഭകാലയളവില്‍ എപ്പോള്‍ വേണമെങ്കിലും വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും .ഗര്‍ഭധാരണം മുതല്‍ പ്രസവ തീയതി വരെയുള്ള ഏത് സമയത്തും വാക്സിന്‍ എടുക്കാന്‍ കഴിയും.
2. ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന്‍ സുരക്ഷിതമാണോ.
-നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാക്സിന്‍ തികച്ചും സുരക്ഷിതമാണ്. അമ്മയുടെയും കുഞ്ഞിന്‍റെയും കോവിഡ് പ്രതിരോധമുറപ്പിക്കാന്‍ ഗര്‍ഭിണികള്‍ വാക്സിന്‍ എടുക്കണമെന്ന് തന്നെയാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
3. കോവിഡ് വാക്സിന്‍ എടുക്കുന്നത് കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടാകുമോ.
-ഇല്ല.
4. പ്രമേഹം, രക്ത സമ്മര്‍ദ്ദം എന്നിവയുള്ളവര്‍ക്ക് വാക്സിന്‍ എടുക്കാമോ.
-എടുക്കാം.
5. അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വാക്സിന്‍ എടുക്കാമോ.
-ഗുരുതരമല്ലാത്ത അലര്‍ജികള്‍ വാക്സിന്‍ എടുക്കുന്നതിന് തടസ്സമല്ല. ആദ്യ ഡോസ് എടുത്തപ്പോള്‍ (ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ആദ്യ ഡോസ് സ്വീകരിച്ചവരെ ഉദ്ദേശിച്ച്) അലര്‍ജി ഉണ്ടായെങ്കില്‍ വാക്സിന്‍ സ്വീകരിക്കേണ്ടതില്ല.

6. വാക്സിന്‍ എടുക്കാനായി ഗര്‍ഭിണികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ.

-വേണ്ട. ഗര്‍ഭിണികള്‍ കോവിഡ് വാക്സിന്‍ ലഭിക്കുന്നതിന് വ്യക്തിഗത വിവരങ്ങള്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്‍കുക. പ്രതീക്ഷിക്കുന്ന പ്രസവ തീയതി അടിസ്ഥാനമാക്കി മുന്‍ഗണനാ ക്രമത്തില്‍ വാക്സിന്‍ നല്‍കുന്ന കേന്ദ്രവും തീയതിയും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിക്കുന്നതാണ്. കൃത്യസമയത്ത് കേന്ദ്രത്തിലെത്തി വാക്സിനെടുക്കുക.

7. വാക്സിന്‍ എടുക്കാന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ എന്തെല്ലാം രേഖകള്‍ കൊണ്ടു പോകണം.
-ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ പ്രവര്‍ത്തകര്‍ നല്കിയ സമ്മത പത്രം പൂരിപ്പിച്ചത്, മാതൃ ശിശു സംരക്ഷണ കാര്‍ഡ് ( എം.സി.പി കാര്‍ഡ്), ഗര്‍ഭകാല പരിശോധയുമായി ബന്ധപ്പെട്ട് കൈവശമുള്ള ചികിത്സാ രേഖകള്‍ എന്നിവ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ കയ്യില്‍ കരുതണം.

8. ഗര്‍ഭിണികള്‍ക്ക് സാധാരണയായി നല്കുന്ന പ്രതിരോധ കുത്തിവയ്പായ ടി.ഡി. വാക്സിനും കോവിഡ് വാക്സിനും എടുക്കുന്നതിലുള്ള ഇടവേള എത്രയാണ്.

-ടി.ഡി. വാക്സിനും കോവിഡ് വാക്സിനും ഒരേ ദിവസം എടുക്കേണ്ടി വന്നാല്‍ ഇരുകൈകളിലുമായി എടുക്കാവുന്നതാണ്. അല്ലാത്ത പക്ഷം രണ്ടാഴ്ചത്തെ ഇടവേളയില്‍ വാക്സിനുകള്‍ എടുക്കാവുന്നതാണ്.

9. ഏത് വാക്സിന്‍ ആണ് ഗര്‍ഭിണികള്‍ക്ക് നല്കുന്നത്.
-ലഭ്യത അനുസരിച്ച് കോവിഷീല്‍ഡ് വാക്സിനോ, കോവാക്സിനോ നല്‍കുന്നതാണ്.

10. ഗര്‍ഭിണികള്‍ക്ക് നല്കുന്ന കോവിഡ് വാക്സിന്‍റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള എങ്ങനെയാണ്.
-ആദ്യ ഡോസ് കോവിഷീല്‍ഡ് സ്വീകരിച്ചാല്‍ 84 ദിവസം കഴിഞ്ഞ് 112 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം.
കോവാക്സിന്‍ സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുക.
11. വാക്സിന്‍ എടുത്ത ശേഷം ഗര്‍ഭിണികള്‍ എന്തൊക്കെ ശ്രദ്ധിക്കണം.
– വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ എന്‍.95 / ഡബിള്‍ മാസ്ക് മൂക്കും വായും മൂടുന്ന വിധം ശരിയായി ധരിക്കുക. മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞ് അകലം പാലിച്ചിരിക്കുക. കൈകള്‍ ഇടയ്ക്കിടെ അണു വിമുക്തമാക്കുക.
വാക്സിനെടുത്താലും കോവിഡ് പ്രതിരോധ ശീലങ്ങള്‍ പാലിക്കുക. അവശ്യ ആശുപത്രി സന്ദര്‍ശനത്തിനല്ലാതെ പൊതു ഇടങ്ങളില്‍ പോകാതെ വീട്ടില്‍ സുരക്ഷിതമായി കഴിയുക.