ഗര്‍ഭിണികള്‍ക്കുളള കോവിഡ് 19 വാക്‌സിനേഷന്‍ ക്യാമ്പയിനായ മാതൃകവചത്തിന്റെ വിതരണാരംഭം സര്‍ക്കാര്‍ മേഖലയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നടന്നു. ഗര്‍ഭിണികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി ഇരുജീവനും കോവിഡ് 19 നെ പ്രതിരോധിക്കാന്‍ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ വിശിഷ്ടാതിഥിതിയായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മാതൃകവചം പദ്ധതി നടപ്പിലാക്കുക. ടിടി എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ച് നെഗറ്റീവായി 90 ദിവസം കഴിഞ്ഞവര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.
യോഗത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ടി.കെ ജയന്തി സ്വാഗതവും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീദേവി നന്ദിയും പറഞ്ഞു. ഡോ.കെ ജെ റീന ഡി.എം.ഒ (ഹെല്‍ത്ത്), ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി വി സതീശന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയി, ഡോ.പ്രേമകുമാര്‍ കെ.ടി, ഡെപ്യൂട്ടി. ഡി.എം.ഒ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.