എറണാകുളം: സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചക്ക് സംരംഭകർ മികച്ച പിന്തുണയാണ് നൽകുന്നതെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ എപ്പോഴും സന്നദ്ധമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കുസാറ്റിൽ മീറ്റ് ദ മിനിസ്റ്റർ പരിപാടിക്കും ബോൾഗാട്ടി പാലസിൽ സംരംഭകരുമായുള്ള മുഖാമുഖത്തിനും ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.രണ്ട് പരിപാടികളിലുമായി വ്യവസായ രംഗവുമായി ബന്ധപ്പെട്ടവരുമായി മികച്ച ആശയവിനിമയമാണുണ്ടായത്. അവർ നേരിടുന്ന പ്രശ്നങ്ങൾ പലതും ശ്രദ്ധയിൽപ്പെടുത്തിയതോടൊപ്പം സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളിൽ സംരംഭകർ പൂർണ്ണ തൃപ്തിയും പിന്തുണയും അറിയിച്ചു. വ്യവസായ പരാതി പരിഹാരസംവിധാനം, ഭൂമിയേറ്റെടുക്കൽ നയ ഏകീകരണം, കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കൽ തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളിൽ സംരംഭകരിൽ നിന്നുള്ള അഭിപ്രായം തേടി.
രാജ്യത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. അതിന് എന്തെങ്കിലും തടസങ്ങൾ നേരിടുന്നുണ്ടെങ്കിൽ പരിഹരിക്കാനുമുള്ള ചർച്ചകൾക്ക് സന്നദ്ധമാണ്.
ചില കാര്യങ്ങളിൽ മാധ്യമങ്ങളുടെ ഉൾപ്പെടെ മനോഭാവം മാറേണ്ടതുണ്ട്. തെലുങ്കാന വിമാനമയച്ച് വ്യവസായി കൊണ്ടുപോയതു പോലെ ഇവിടേക്ക് ഒരു വ്യവസായി കൊണ്ടുവരികയാണെങ്കിൽ അത് വലിയ മാധ്യമ ചർച്ചയായി മാറും. ഭൂമിയേററ്റെടുക്കലിനും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രശ്നങ്ങളുണ്ട്. ഇവിടെ മൂന്നേക്കർ ഭൂമിയേറ്റെടുക്കാൻ നാന്നൂറ് പേരുമായെങ്കിലും ധാരണയുണ്ടാക്കണം. യുപി പോലുള്ള സംസ്ഥാനങ്ങളിൽ അയ്യായിരം ഏക്കർ ഏറ്റെടുക്കാൻ ഒരു ഉടമയുമായി ധാരണയിലെത്തിയാൽ മതി. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പാലിച്ച് വ്യവസായം നടത്താൻ ആർക്കും തടസങ്ങളുണ്ടാകില്ല. നിയമങ്ങൾ തിരുത്തപ്പെടേണ്ടതുണ്ടെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താം. നിയമങ്ങൾ ബാധകമല്ലെന്ന് ആർക്കും പറയാനാകില്ലെന്നും- പി രാജീവ് പറഞ്ഞു.