കണ്ണൂര്‍: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ വീരമലക്കുന്ന് ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പ്രത്യേക ഉപസമിതി രൂപീകരിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍  അധ്യക്ഷനായ ഉപസമിതിയില്‍ സിസിഎഫ് ഡി കെ വിനോദ് കുമാര്‍, കാസര്‍കോട് ഡിഎഫ്ഒ അജിത്ത് കെ രാമന്‍, റേഞ്ച് ഓഫീസര്‍ അഷ്‌റഫ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, കാസര്‍കോട് ഡിടിപിസി സെക്രട്ടറി ആര്‍ ബിജു, കണ്ണൂര്‍ ഡെവലപ്‌മെന്റ് ഫോറം ചെയര്‍മാന്‍ ഡോ. ജോസഫ് ബെനുവന്‍, കോ ചെയര്‍മാന്‍ സി ജയചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്.

മലബാറിന്റെ ടൂറിസം വികസനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ വീരമലക്കുന്ന് ഇക്കോ ടൂറിസം പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഉപസമിതി ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കിയ ശേഷം ടൂറിസം മന്ത്രിയെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക മന്ത്രിതല യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഇക്കോ ടൂറിസം പദ്ധതി സംബന്ധിച്ച പവര്‍ പോയിന്റ് അവതരണവും യോഗത്തില്‍ നടന്നു. ഉപസമിതി അംഗങ്ങള്‍ക്കു പുറമെ ടൂറിസം വകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടര്‍ സി എന്‍ അനിതകുമാരി, കണ്ണൂര്‍ പ്രസ്സ ക്ലബ്ബ് പ്രസിഡണ്ട് ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.