തിരുവനന്തപുരം:ജില്ലയില്‍ സിക്ക വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള തീവ്രയജ്ഞം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തിരുവനന്തപുരം നഗരസഭ എന്നിവയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ കൊതുക് നശീകരണത്തിന് ഒരാഴ്ച ഫോഗിങ് നടത്തും. മറ്റു പ്രദേശങ്ങളിലും പ്രതിരോധം ഊര്‍ജ്ജിതമാക്കുമെന്നു കളക്ടര്‍ പറഞ്ഞു.
സിക്ക വൈറസിനെതിരേ ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു. ആനയറ കേന്ദ്രീകരിച്ചു  മൂന്നു കിലോമീറ്റര്‍ പരിധിയില്‍ സിക്ക വൈറസിന്റെ ക്ലസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയ്ക്കു പ്രത്യേക പ്രാധാന്യം നല്‍കും. കൊതുകിന്റെ ഉറവിട നശീകരണത്തിനാകും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം. പൊതുജനങ്ങള്‍ക്ക് സിക്ക വൈറസിനെ സംബന്ധിച്ച്  അവബോധം നല്‍കുന്നതിനു മൈക്ക് അനൗണ്‍സ്‌മെന്റ്, വ്യക്തിഗത ആശയവിനിമയം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ നല്‍കുന്നുണ്ടെന്നു കളക്ടര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂര്‍ സിക്ക കണ്‍ട്രോള്‍ റൂം തുറന്നു. 0471 2475088 , 0471 2476088 എന്നിവയാണു നമ്പറുകള്‍.