എറണാകുളം– കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധ ബോധവത്ക്കരണ കാർട്ടൂൺ പോസ്റ്ററുകൾ നിർമ്മിക്കുന്ന ലോക്കിങ്ങ് ലൈൻസ് അഥവാ വരപ്പൂട്ട് എന്ന് പേരിട്ടിരിക്കുന്ന രണ്ട് ദിവസത്തെ ശിൽപ്പശാല ആലുവയിൽ ഇന്ന് ആരംഭിക്കും. (ജൂലൈ 17 ) . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഒരുക്കുന്ന ശിൽപശാലയിൽ കേരളത്തിലെ പ്രമുഖരായ 12 കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് കോര്പ്പറേഷന് ആന്റ് ചൈല്‍ഡ് ഡെവലപ്പ്മെന്റിന്റെ ബാംഗ്ലൂര്‍ റീജനും, കേരള സര്‍ക്കാരിന് കീഴിലുള്ള കേരള സാമൂഹിക സുരക്ഷാ മിഷനും, ഡി.എം.സി. ഇന്ത്യയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും വൈഎംസിഎയുടെയും സഹകരണവും ക്യാമ്പിനുണ്ട്. രാജ്യത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യപരിപാടിയാണ് ഇത്. തെക്കേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ സമാനമായ ശിൽപശാല നടക്കും.
ജസ്റ്റിസ് കുര്യൻ ജോസഫ് , ഡോ കെ. സി. ജോർജ് , ഡോ: സഖി ജോൺ , ഡോ: മുഹമ്മദ് ആഷിൽ, ഡോ. സച്ചിദാനന്ദ കമ്മത്ത് , ഫാദർ ഡേവിഡ് ചിറമേൽ , ഡോ: മേരി അനിത, ഡോ: രാഹുൽ യു.ആർ, ബാബു പണിക്കർ, കാർട്ടൂണിസ്റ്റ് സുധീർ നാഥ്, നസീം എസ് തുടങ്ങിയവർ കോവിഡ് കാല അനുഭവങ്ങളും , മൂന്നാം തരംഗത്തിന് എടുക്കേണ്ട മുൻകരുതലും ജാഗ്രതയും കാർട്ടൂണിസ്റ്റുകളുമായി പങ്കുവെയ്ക്കും. ചർച്ചകളിൽ ഉയരുന്ന ആശയങ്ങൾ കാർട്ടൂണിലാക്കും. കേരളത്തിലും, ലക്ഷദ്വീപിലുമായി 150 പ്രദർശനങ്ങളും സാമൂഹ്യ മാധ്യമങ്ങൾ വഴി ബോധവത്കരണ പ്രചരണവും നടത്തും. കോവിഡ് മൂന്നാം തരംഗം കുട്ടികളിലാണ് കൂടുതൽ ബാധിക്കുക എന്നാണ് ആരോഗ്യ രംഗത്തുള്ളവർ നൽകുന്ന മുന്നറിയിപ്പ്. അതുകൊണ്ട് സംസ്ഥാനത്തെ കുട്ടികളിലേയ്ക്ക് ബോധവത്ക്കരണ സന്ദേശങ്ങൾ കാർട്ടൂൺ പോസ്റ്ററുകൾ വഴി എത്തിക്കുക എന്നതാണ് ലക്ഷ്യം.
കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ , സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ , ബൈജു പൗലോസ്, രതീഷ് രവി, പ്രതാപൻ പുളിമാത്ത്, പ്രസന്നൻ ആനിക്കാട്, സുഭാഷ് കെ.കെ, വാമനപുരം മണി, സജീവ് ശൂരനാട്, ശാക്കിർ എറവക്കാട്, സനീഷ് ദിവാകരൻ, നൗഷാദലി വെള്ളിലശ്ശേരി എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്ന കാർട്ടൂണിസ്റ്റുകൾ. സുനിൽ പങ്കജ്, ഡാവിഞ്ചി സുരേഷ് എന്നിവർ പോസ്റ്ററുകൾ രൂപകൽപ്പന ചെയ്യും.
കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികൾക്കായി ബംഗാളി, തമിഴ്, ഹിന്ദി ഭാഷകളിൽ പോസ്റ്ററുകൾ ഉണ്ടാക്കുന്നുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പരക്കെ പ്രശംസ നേടിയ കേരളം ബോധവല്‍ക്കരണത്തിലും കാര്‍ട്ടൂണിലൂടെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് എന്ന സവിശേഷതയും പരിപാടിക്ക് ഉണ്ട്. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പ് നടക്കുക.