കൊല്ലം: ചിന്നക്കടയിൽ വൈഎംസിഎയുടെ കൈവശമുണ്ടായിരുന്ന സർക്കാർ ഭൂമി ജില്ലാ കലക്ടർ അബ്ദുൾ നാസർ ഏറ്റെടുത്തു. കേരള ഭൂമി പതിവ് നിയമപ്രകാരമുള്ള ലീസ് വ്യവസ്ഥ പുതുക്കാതെ അനധികൃതമായി കൈവശം വെച്ചിരുന്ന 84 സെൻറ് ഭൂമിയും അതിലെ കെട്ടിടവുമാണ് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കലക്ടർ ഏറ്റെടുത്തത്. സബ് കലക്ടർ ചേതൻ കുമാർ മീണ അസിസ്റ്റന്റ് കലക്ടർ അരുൺ എസ് നായർ ഡെപ്യൂട്ടി കലക്ട എൽ. ആർ. ബി ജയശ്രീ കൊല്ലം തഹസിൽദാർ എസ്. ശശിധരൻ പിള്ള, എന്നിവരും ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നൽകി.

1928 മുതൽ തിരുവിതാംകൂർ മഹാരാജാവുമായുള്ള കരാർ വ്യവസ്ഥയിലാണ് വൈഎംസിഎ ഭൂമി കൈവശം വെച്ചിരുന്നത്. കേരള ലാൻഡ് അസെൻമെന്റ് ആക്ട് 1960ലെ വ്യവസ്ഥകൾ കുത്തക പാട്ട ചട്ടങ്ങൾ റദ്ദാക്കിയിരുന്നു. പുതിയ ചട്ടങ്ങളനുസരിച്ച് പാട്ടക്കാലാവധി പുതുക്കാൻ സർക്കാരിന് അപേക്ഷ നൽകണമായിരുന്നു. എന്നാൽ വൈഎംസിഎ അപേക്ഷ നൽകിയിരുന്നില്ല. കേരള ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പുറമ്പോക്ക് ഭൂമി കൈവശം വെയ്ക്കുന്നതിന് ലീസ് വ്യവസ്ഥ പുതുക്കുന്നതിന് വിസമ്മതിക്കുകയും വ്യവസ്ഥ ലംഘിച്ച് വാണിജ്യപരമായി ഉപയോഗിക്കുകയും ചെയ്തതിനെ തുടർന്ന്
2007ൽ ഭൂമി ഏറ്റെടുക്കാൻ കലക്ടർ നോട്ടീസ് നൽകി. എന്നാൽ വൈ എം സി എ ഇതിനെതിരെ ഹൈ കോടതിയിൽ കേസ് ഫയൽ ചെയ്തു. വാദംകേട്ട് തീരുമാനം എടുക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. വൈഎംസിഎ നൽകിയ റിവിഷൻ പെറ്റീഷനിൽ വാദംകേട്ട ശേഷമാണ് വാദഗതികൾ തള്ളി സർക്കാർ ഉത്തരവിറക്കിയത്. 30 വർഷത്തിലേറെ നീണ്ടുനിന്ന നിയമനടപടി ക്രമങ്ങൾക്ക് ശേഷമാണ് ഭൂമിയും അതിലെ കെട്ടിടങ്ങളും ഏറ്റെടുക്കാൻ ഈ മാസം ജൂലൈ 14ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ തുടർന്നാണ് ഇന്നലെ അടിയന്തിരമായി കലക്ടർ ഭൂമി ഏറ്റെടുത്തത്. കാവനാട് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ. എ.(എൻ. എച്ച്) സ്പെഷ്യൽ തഹസിൽദാർ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി.