മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി (എസ്.എം.എ.എം)യില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കാര്‍ഷികയങ്ങ്രള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നല്‍കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുക എതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

https://agrimachinery.nic.in/indexF  എന്ന വെബ്‌സൈറ്റിലൂടെ ഇതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള പൂര്‍ത്തിയാക്കാവുന്നതാണ്.  പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണനയുണ്ട്.

എല്ലാവിധ കാര്‍ഷിക യന്ത്രോപകരണങ്ങളും, വിള സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രൈയറുകള്‍, നെല്ല് കുത്തുന്ന മില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍, ഓയില്‍ മില്ലുകള്‍ തുടങ്ങിയവയെല്ലാം ഈ പദ്ധതിക്ക് കീഴില്‍ ലഭ്യമാണ്.  വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകളോടെ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡി ലഭ്യമാണ്.

അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം നിരക്കില്‍ പദ്ധതി നിബന്ധനകളോടെ എട്ട് ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി തുകയുടെ 40 ശതമാനം വരെയും സബ്‌സിഡി ലഭിക്കും.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് മെഷീന്‍ വാങ്ങിക്കഴിഞ്ഞാല്‍ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന മുറയ്ക്കാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

സാമ്പത്തിക സഹായം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നല്‍കുക. പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കും, സഹായങ്ങള്‍ക്കുമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, മലപ്പുറം ആനക്കയത്തുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ, അക്ഷയകേന്ദ്രങ്ങളിലോ, ജില്ലയിലെ കൃഷിഭവനുകളിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങള്‍ക്ക് – 04832848127, 9383471799, 7306109485, 8089930684, 9446246671.