കാസർഗോഡ്:  കോവിഡ് പരിശോധന ഗണ്യമായി വർധിപ്പിച്ച് രോഗസ്ഥിരീകരണ നിരക്ക് കുറച്ചു കൊണ്ടുവരാൻ ജനസംഖ്യാനുപാതികമായി പരിശോധന നടത്തുന്നതിന് പുതിയ രൂപരേഖ തയ്യാറാക്കിയതായി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ജില്ലയിൽ 2011ലെ സെൻസസ് പ്രകാരം 13,07,375 വരുന്ന ജനസംഖ്യയുടെ 4.13 ശതമാനം പരിശോധന ആഴ്ചയിൽ നടത്തും.

ജില്ലയിൽ ആഴ്ചയിൽ ആകെ 53962 പരിശോധന, ദിവസേന 7709 പരിശോധന എന്നിവയാണ് ലക്ഷ്യം. ജൂലൈ 14 മുതൽ 20 വരെയുള്ള ആഴ്ചയിലേക്കാണ് പരിശോധനാ നിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഡി കാറ്റഗറിയിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളെ അടുത്ത ആഴ്ചയിൽ ബി, സി കാറ്റഗറിയിലേക്ക് എങ്കിലും എത്തിക്കാനായാണ് പരിശോധന വർധിപ്പിക്കുന്നത്. ഡി വിഭാഗത്തിൽ ഉൾപ്പെട്ട 17 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ഏറ്റവും കൂടുതൽ ടി.പി.ആർ റിപ്പോർട്ട് ചെയ്ത പിലിക്കോട് പഞ്ചായത്തിൽ ആഴ്ചയിൽ 1256 പേരെയാണ് പരിശോധിക്കുക. പ്രതിദിനം 179 പേരെ പരിശോധനയ്ക്ക് വിധേയരാക്കും. 2011 ലെ സെൻസസ് അനുസരിച്ചുള്ള ജനസംഖ്യയുടെ അഞ്ച് ശതമാനമാണിത്.

നിലവിൽ ഡി വിഭാഗത്തിൽപ്പെട്ട പഞ്ചായത്തുകളിലെ ജനസംഖ്യയുടെ അഞ്ച് ശതമാനം ജനങ്ങളെയാണ് പരിശോധിക്കുക. പ്രതിവാരം ദേലമ്പാടി പഞ്ചായത്തിൽ 1139 പേരെയും ചെമ്മനാട് പഞ്ചായത്തിൽ 2737 പേരയും ഉദുമ പഞ്ചായത്തിൽ 1877 പേരെയും കയ്യൂർ ചീമേനി പഞ്ചായത്തിൽ 1175 പേരെയും കിനാനൂർ കരിന്തളം പഞ്ചായത്തിൽ 1379 പേരെയും മടിക്കൈ പഞ്ചായത്തിൽ 1103 പേരെയും ചെങ്കള പഞ്ചായത്തിൽ 2839 പേരെയും കള്ളാർപഞ്ചായത്തിൽ 971 പേരെയും പരിശോധിക്കും.

പള്ളിക്കര പഞ്ചായത്തിൽ 2163 പേരെയും നീലേശ്വരം നഗരസഭയിൽ 1988 പേരെയും പനത്തടി 1149 പേരെയും ബേഡഡുക്ക പഞ്ചായത്തിൽ 1393 പേരെയും കുറ്റിക്കോൽ പഞ്ചായത്തിൽ 1246 പേരെയും പുല്ലൂർ പെരിയ പഞ്ചായത്തിൽ 1482 പേരെയും പരിശോധനയ്ക്ക് വിധേയരാക്കും.
സി വിഭാഗത്തിൽ ഉൾപ്പെട്ട 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനസംഖ്യയുടെ അഞ്ച് ശതമാനം ആളുകളെ പരിശോധിക്കും.

പ്രതിവാരം മധൂർ പഞ്ചായത്തിൽ 2073 പേരെയും ചെറുവത്തൂർ പഞ്ചായത്തിൽ 1372 പേരെയും കാഞ്ഞങ്ങാട് നഗരസഭയിൽ 3667 പേരെയും വലിയപറമ്പയിൽ 640 പേരെയും മൊഗ്രാൽപുത്തൂരിൽ 1242 പേരെയും വെസ്റ്റ് എളേരിയിൽ 1466 പേരെയും തൃക്കരിപ്പൂരിൽ 1934 പേരെയും ബളാലിൽ 1184 പേരെയും ഈസ്റ്റ് എളേരിയിൽ 1254 പേരെയും മുളിയാറിൽ 1255 പേരെയും പുത്തിഗെയിൽ 1091 പേരെയും മീഞ്ചയിൽ 1166 പേരെയും പരിശോധിക്കും.

ബി വിഭാഗത്തിൽ ജനസംഖ്യയുടെ രണ്ട് ശതമാനം ജനങ്ങളെ പരിശോധിക്കും. പ്രതിവാരം ബദിയഡുക്ക പഞ്ചായത്തിൽ 684 പേരെയും കുമ്പഡാജെയിൽ 295 പേരെയും എൻമകജെയിൽ 536 പേരെയും മഞ്ചേശ്വരത്ത് 830 പേരെയും മംഗൽപാടിയിൽ 969 പേരെയും ബെള്ളൂരിൽ 205 പേരെയും കുമ്പളയിൽ 934 പേരെയും പൈവളിഗെയിൽ 685 പേരെയും പടന്നയിൽ 443 പേരെയും കാറഡുക്കയിൽ 424 പേരെയും പരിശോധിക്കും.

എ വിഭാഗത്തിൽ പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രണ്ട് ശതമാനം ആളുകളെയാണ് ആഴ്ചയിൽ പരിശോധിക്കുക. പ്രതിവാരം കാസർകോട് നഗരസഭയിൽ 1083 പേരെയും വോർക്കാടി പഞ്ചായത്തിൽ 515 പേരെയും പരിശോധിക്കും.