പാലക്കാട്: ടൂറിസം മേഖലയില്‍ സാംസ്‌കാരികവും ചരിത്രപരവുമായി ഏറെ സാധ്യതയുള്ള പ്രദേശമാണ് തൃത്താലയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തൃത്താല നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി -ടൂറിസം പദ്ധതികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമസഭാ സ്പീക്കറും തൃത്താല എം.എല്‍.എ. യുമായ എം.ബി. രാജേഷ് അധ്യക്ഷനായി.

ടൂറിസത്തെ വിജ്ഞാനവുമായി കൂട്ടിയിണക്കുന്ന ലിറ്റററി ടൂറിസം സര്‍ക്യൂട്ടിലെ പ്രധാന കേന്ദ്രം കൂടിയാണ് തൃത്താലയെന്നും ബേപ്പൂരില്‍ നിന്നാരംഭിച്ച് പൊന്നാനി വഴി തൃത്താലയില്‍ അവസാനിക്കുന്ന ലിറ്റററി സര്‍ക്യൂട്ട് പദ്ധതിയില്‍ തൃത്താല നിര്‍ണായകമാവുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു ബജറ്റില്‍ ഒരു സര്‍ക്യൂട്ടിനെ ലിറ്റററി ടൂറിസം സര്‍ക്യൂട്ടായി പ്രഖ്യാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി കാഴ്ചപാടുകള്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പരമാവധി ജനങ്ങളുമായി അടുത്ത് മുന്നോട്ടു പോവുകയെന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നത്. ടെക്‌നോളജിയെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ‘പി.ഡബ്ല്യു.ഡി ഫോര്‍ യു’ ആപ് ജൂണ്‍ ഒന്നുമുതല്‍ ട്രയല്‍ റണ്ണായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആപ്പിലൂടെ ഇതിനോടകം ലഭിച്ച ഏഴായിരത്തോളം പരാതികളില്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

കൂടാതെ നിലവിലുള്ള കണ്‍ട്രോള്‍ റൂം സംവിധാനം വിപുലീകരിച്ച് മന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന രീതിയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന്റെ ഭാഗമായി ടോള്‍ഫ്രീ നമ്പറില്‍ നിശ്ചിത സമയം വരെ പൊതുജനങ്ങള്‍ക്ക് വിളിക്കാനുള്ള നടപടി സ്വീകരിക്കും. ഓരോ പരാതികളിലും നടപടി സ്വീകരിച്ചെന്ന് ഉറപ്പാക്കാന്‍ ഒരാളെ ഉദ്യോഗസ്ഥ തലത്തിലും മന്ത്രിയുടെ ഓഫീസ് തലത്തിലുമായി നിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പള്ളിപ്പുറം കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വിവിധ ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.