കാലവർഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ വിവിധ വകുപ്പുകൾ ജൂൺ 18 നകം റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി  രാമചന്ദ്രൻ  നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ കാലവർഷക്കെടുതികൾ അവലോകനം ചെയ്യാൻ വിളിച്ചുകൂട്ടിയ പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകൾ മേഖലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സ്ഥലം സന്ദർശിച്ച് സമഗ്രമായി വിലയിരുത്തൽ നടത്തി വേണം റിപ്പോർട്ട് സമർപ്പിക്കേണ്ടത്. വിവിധയിടങ്ങളിൽ പുനരധിവസിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ താമസമില്ലാതെ പരിഹരിക്കണം. കോളനിയിലേക്ക് തിരിച്ചുപോകുന്ന ആദിവാസി കുടുംബങ്ങൾക്ക് മതിയായ സൗകര്യം ഏർപ്പെടുത്തണം. കുടിവെള്ളവും എടുക്കുന്ന ജലാശയങ്ങളും കിണറുകളും മലിനപ്പെട്ടിട്ടുണ്ടെങ്കിൽ ആരോഗ്യവകുപ്പ് ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണം. മണ്ണും കല്ലും അടിഞ്ഞ് കോളനികളിൽ താമസിക്കാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ തൊഴിലുറപ്പ് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തി ഇവ നന്നാക്കണം. പുനരധിവാസ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ ആരോഗ്യസ്ഥിതികൾ നിരീക്ഷിക്കാനും സമയാസമയങ്ങളിൽ മെഡക്കൽ ക്യാമ്പുകളും നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി യോഗത്തെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ താൽക്കാലിക സംവിധാനം ഉണ്ടാക്കും. മൂന്ന് മാസത്തിനുളളിൽ ഗതാഗതം പൂർണ്ണമായും പുനസ്ഥാപിക്കും. വലിയ വാഹനങ്ങളെ ചുരത്തിലൂടെ കടത്തിവിടില്ല. കോഴിക്കോട് നിന്നുളള കെ.എസ്.ആർ.ടി.സി  ബസ്സുകൾ ചിപ്പിലിത്തോട് യാത്ര അവസാനിപ്പിക്കും. അവിടെ നിന്നും വയനാട് ഭാഗത്തേക്കുളള യാത്രക്കാർ ഇരുന്നൂറ് മീറ്റർ നടന്ന്   ബസ്സ് മാറികയറണം. ദീർഘദൂര സർവീസുകൾ കുറ്റ്യാടി ചുരം വഴി പോവണമെന്നും മന്ത്രി പറഞ്ഞു. ചുരം ഗതാഗത തടസ്സം നേരിട്ടതിനാൽ ജില്ലയിൽ നേരിടുന്ന പെട്രോൾ,ഡീസൽ ക്ഷാമത്തിനും പരിഹാരം കാണും. കാലവർഷക്കെടുതി നേരിടുന്നതിന് എല്ലാവകുപ്പുകളുടെയും കൂട്ടായ സഹകരണവും ജാഗ്രതയും അനിവാര്യമാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സർവ്വകക്ഷി യോഗവും ഇതോടനുബന്ധിച്ച് ചേർന്നു. എം.ഐ.ഷാനവാസ് എം.പി, എം.എൽ.എ മാരായ സി.കെ.ശശീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ, ഒ.ആർ.കേളു, ജില്ലാ കളക്ടർ എ.ആർ.അജയകുമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.