കൊല്ലം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഫീസ് ദുരന്ത നിവാരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ വിവിധ കാര്യാലയങ്ങളിലെ ഓഫീസ് അറ്റന്റര്‍മാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കുമായി ദുരന്ത പ്രതികരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിപാടി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്ത സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാനും ഫലപ്രദമായ പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സജ്ജരാകുന്നതിനുള്ള പരിശീലനമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യമെന്ന് കലക്ടര്‍ പറഞ്ഞു.

രണ്ട് സെഷനുകളായി നടത്തിയ പരിശീലന പരിപാടിയില്‍ സിവില്‍ സ്റ്റേഷനിലെ മുപ്പതോളം ജീവനക്കാര്‍ പങ്കെടുത്തു. പ്രാഥമിക ശുശ്രൂഷ സംവിധാനങ്ങള്‍, തീപ്പൊള്ളല്‍, പാമ്പ് കടിയേല്‍ക്കല്‍, വൈദ്യുത ഷോക്ക്, ദുരന്ത മുന്നറിയിപ്പ് അടക്കമുള്ള വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും സംശയ നിവാരണവും നടത്തി.

ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ആര്‍.സന്ധ്യ, ചാമക്കട ഫയര്‍ ആന്റ് സേഫ്റ്റി യൂണിറ്റ് അംഗങ്ങളായ അഖില്‍ കാര്‍ത്തിക്, കൃഷ്ണനുണ്ണി തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. എ. ഡി. എം. എന്‍.സജിതാ ബീഗം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സൂപ്രണ്ട് എ. സന്തോഷ് കുമാര്‍, ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പ രമേശ്വരന്‍, ട്രെയിനി ദേവിക ബി. എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.