കാസർഗോഡ്: നീലേശ്വരം നഗരസഭയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന് നഗരസഭാ തല കോവിഡ് ജാഗ്രതാ പരിപാലന സമിതി യോഗത്തില്‍ തീരുമാനമായി. കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി വാര്‍ഡുതല ജാഗ്രതാ സമിതിയുടെ ഇടപെടല്‍ ശക്തമാക്കും.
വാര്‍ഡുതല ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പരാമവധി വീടുകളില്‍ ആളുകള്‍ ടെസ്റ്റിന് വിധേയമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. വ്യാപാരി വ്യവസായികള്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കായി ജൂലൈ 19 ന് തിങ്കളാഴ്ച വ്യാപാര ഭവനില്‍ കോവിഡ് പരിശോധനാ ക്യാമ്പ് നടത്തും.
കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും. വരും ദിവസങ്ങളില്‍ നഗരത്തില്‍ പൊലീസ് പരിശോധനയും കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനമായി.
നഗരസഭാധ്യക്ഷ ടി വി ശാന്ത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി പി ലത, കെ.പി രവീന്ദ്രന്‍ , പി.സുഭാഷ്, വി. ഗൗരി, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ജമാല്‍ അഹമ്മദ്, നീലേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ ജയചന്ദ്രന്‍, നഗരസഭാ സെക്രട്ടറി എ ഫിറോസ് ഖാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി മോഹനന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.വി ദാമോദരന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, പി വിജയകുമാര്‍, അഡ്വ.നസീര്‍, റസാക്ക് പുഴക്കര വ്യാപാരി സംഘടന പ്രതിനിധികളായ കെ വി സുരേഷ് കുമാര്‍ , വി വി ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.