തൃശ്ശൂർ: ഇടിഞ്ഞു വീഴാറായ വീടുകളിലെ താമസം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിവരം അറിഞ്ഞതിനെത്തുടർന്ന് എം എൽ എ നേരിട്ടെത്തി ക്ഷണ നേരത്തിനുള്ളിൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരവും കണ്ടു. പൊയ്യയിലാണ് സംഭവം.
പൊയ്യ പഞ്ചായത്ത്‌ രണ്ടാം വാർഡിലെ എം എൻ ലക്ഷം വീട് കോളനിക്കാരുടെ ദുരിത ജീവിതത്തിനാണ് വി ആർ സുനിൽ കുമാർ എം എൽ എയുടെ ഇടപെടലാൽ പരിഹാരമായത്.അഞ്ച് ഇരട്ട വീടുകളിലും ആറ് സാധാരണ വീടുകളിലുമായി പതിനാറ് കുടുംബങ്ങൾ എം എൻ കോളനിയിൽ താമസിക്കുന്നു.

കുട്ടികളും മുതിർന്നവരുമടങ്ങുന്ന ഈ കുടുംബങ്ങളിൽ ഭൂരിഭാഗം പേരുടെ ഇരട്ട വീടുകളും കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണെന്ന പ്രശ്നം പരിഹരിക്കാൻ എം എൽ എ യും പഞ്ചായത്തും ബന്ധപ്പെട്ട മറ്റ് അധികൃതരും ഒരേ മനസോടെ ഇറങ്ങിക്കഴിഞ്ഞു. അഞ്ചു ഇരട്ട വീടുകളിൽ താമസിക്കുന്നവർക്ക് പ്രത്യേകമായി ഓരോ വീടുകൾ നൽകുന്നത് സംബന്ധിച്ചും വേണ്ട നടപടികളെടുക്കും.

പഴക്കം ചെന്ന ഇവരുടെ വീടുകളുടെ ശോചനീയാവസ്ഥ മനസിലാക്കിയതിനെതുടർന്ന് വേണ്ട നടപടികൾ ഉടൻ തന്നെയെടുക്കുമെന്ന് എം എൽ എ പറഞ്ഞു. ഇതിന്റെ ആദ്യപടിയായി വീടുകളുടെ കാര്യക്ഷമത പരിശോധിച്ച് റിപ്പോർട്ട്‌ നൽകുന്നതിന് പഞ്ചായത്ത്‌ എൻജിനിയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി.

അടിയന്തര സാഹചര്യത്തിൽ ഇവർക്ക് താമസിക്കാൻ ആവശ്യമെങ്കിൽ ക്യാമ്പ് തുറക്കും. ഇവിടുത്തെ പ്രശ്നങ്ങൾ മനസിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനായി റിപ്പോർട്ട്‌ കലക്ടർക്ക് സമർപ്പിക്കും. ശേഷം അനുബന്ധ നടപടികൾക്കായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനമായി.

ഞങ്ങളുടെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ നേരിട്ടെത്തുകയും  വേണ്ട സഹായങ്ങൾ ചെയ്തു തരാം എന്ന് ഉറപ്പും തന്ന എം എൽ എ യോട് വളരെയധികം നന്ദിയുണ്ടെന്ന് കോളനിയിൽ അൻപത് വർഷത്തിലധികമായി താമസിച്ചു വരുന്ന പാറക്കൽ ജോൺസൺ പറയുന്നു. കൂലിപ്പണിയും മറ്റും ചെയ്തു ജീവിക്കുന്ന ഞങ്ങൾക്ക് ഇത് വലിയൊരു ആശ്വാസമാണ്.

ഇടിഞ്ഞു വീഴാറായ വീടുകളിൽ താമസിക്കുന്ന ഞങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന എം എൽ എ യുടെ ഉറപ്പ് ഞങ്ങൾക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്. ഉടൻ തന്നെ അനുബന്ധ നടപടികളെല്ലാം പൂർത്തിയാക്കൻ കഴിയട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥനയെന്നും ജോൺസൺ പറഞ്ഞു.മാള ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, പൊയ്യ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡെയ്സി തോമസ്, കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ, പൊയ്യ വില്ലേജ് ഓഫീസർ ടി എസ് അനിൽ കുമാർ, ബി ഡി ഒ ജയ സുരേന്ദ്രൻ തുടങ്ങിയവർ എം എൽ എ യോടൊപ്പം സ്ഥലം സന്ദർശിച്ചു.