എറണാകുളം – ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി കുഷ്ഠരോഗ നിര്‍ണയ യജ്ഞം ‘അശ്വമേധം’ നാലാം ഘട്ടം ജില്ലയില്‍ 2021 ജൂലൈ 15 ന് ആരംഭിച്ചു. പരിശീലനം ലഭിച്ച 6870 പുരുഷ-വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ ജില്ലയിലെ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിക്കുന്നു. രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് പരിശോധനകള്‍ക്കായി അയക്കുന്നു.

തൊലിപ്പുറത്തുള്ള നിറം മങ്ങിയ, ചുവപ്പ് കലര്‍ന്ന മരവിപ്പുള്ള പാടുകളാണ് പ്രധാന രോഗലക്ഷണം. സ്പര്‍ശനശേഷി കുറഞ്ഞതോ, ഇല്ലാത്തതോ ആയ പാടുകളില്‍ ചൊറിച്ചിലോ, വേദനയോ കാണുന്നതല്ല. തുടക്കത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയാല്‍ അംഗവൈകല്യം കൂടാതെ രോഗം ഭേദമാക്കാനാകും. സംശയകരമായ പാടുകള്‍ കണ്ടെത്തിയാല്‍ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

ജില്ലയില്‍ ഇപ്പോള്‍ 30 രോഗികള്‍ ചികിത്സയിലുണ്ട്. അശ്വമേധം 3-ാം ഘട്ടത്തില്‍ ജില്ലയില്‍ നിന്ന് ആറ് രോഗികളെ കണ്ടെത്തി ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്. 2021 ജൂലൈ 15 മുതല്‍ 2022 ഫെബ്രുവരി 28 വരെ നടക്കുന്ന ഈ പരിപാടി പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡിഎംഒ ഡോ. എന്‍ കെ കുട്ടപ്പന്‍ അറിയിച്ചു.