കാഞ്ഞങ്ങാട് നഗരസഭയിലെ വഴിയോര കച്ചവടക്കാരെക്കുറിച്ചുള്ള വിവരശേഖരത്തിന് ജൂലൈ 19 ന് സര്‍വ്വേ ഇആരംഭിക്കും. നഗരസഭ പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സര്‍വ്വേയ്ക്ക് നഗരസഭ ജീവനക്കാരാണ് നേതൃത്വം നല്‍കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സമീപത്തെ വഴിയോരക്കച്ചവടക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത സര്‍വ്വേക്ക് തുടക്കം കുറിക്കും.

നഗരസഭാ ജീവനക്കാര്‍ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വഴിയൊര കച്ചവടക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക. ദേശീയ നഗര ഉപജീവന മിഷന്റെ തെരുവുകച്ചവടക്കാരെ കണ്ടെത്താനുള്ള ചോദ്യാവലിയെ അടിസ്ഥാനമാക്കിയാണ് കച്ചവടക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. കച്ചവടക്കാരന്റെ വ്യക്തിപരമായ വിവരം, കച്ചവടം ചെയ്യുന്ന സ്ഥലത്തിന്റെ വിവരം, കച്ചവടത്തിന്റെ സ്വഭാവം, മറ്റ് വിവരങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.

സര്‍വ്വേ തിങ്കളാഴ് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ നടക്കും. സര്‍വ്വെ നടക്കുന്ന ദിവസം എല്ലാ വഴിയോര കച്ചവടക്കാരും അവരുടെ റേഷന്‍ കാര്‍ഡ് ,ബാങ്ക് പാസ്സ് ബുക്ക് ,ആധാര്‍ കാര്‍ഡ് (ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ മറ്റ് തിരിച്ചറിയല്‍ രേഖ) എന്നിവ കരുതേണ്ടതാണ്. സര്‍വേയില്‍ കണ്ടെത്തിയ എല്ലാ വഴിയോര കച്ചവടക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.