കൊച്ചി: കെൽസയുടെ സംസ്ഥാന വ്യാപകമായുള്ള സ്ത്രീധനവിരുദ്ധ പ്രചരണങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഹൈക്കോടതി ജഡ്ജിയും കെൽസ എക്സിക്യൂട്ടീവ് ചെയർമാനുമായ സി.റ്റി രവികുമാർ നിർവഹിച്ചു. എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ” സ്ത്രീധനം എന്ന വിപത്തും സ്ത്രീശാക്തീകരണവും” എന്ന പേരിൽ സംഘടിപ്പിച്ച വെബ്ബിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന സംസ്കാരം നാം പിന്തുടരണമെന്നും അദ്ദേഹം യുവതലമുറയോട് ആഹ്വാനം ചെയ്തു.

എറണാകുളം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സി എസ് സുധ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെൽസയുടെ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ ടി നിസാർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സെക്രട്ടറി സുരേഷ് പി എം സെമിനാറിൽ സ്വാഗതമാശംസിച്ചു. മഹാരാജസ്,സെന്റ് തെരേസാസ്,സെന്റ് ആൽബർട്ട്, എസ് എച്ച് തേവര, ഭാരത് മാത എന്നി കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി ” ലിംഗ സൗഹൃദ നിയമങ്ങൾ : സ്ത്രീധനം വൈവാഹിക ജീവിതത്തിലെ നിയമവിരുദ്ധമായ മറ്റ് ആവശ്യങ്ങൾ ” എന്ന വിഷയത്തിൽ CBI പ്രത്യേക ജഡ്ജി കെ കമനീഷ് ക്ലാസ് എടുത്തു. സെമിനാറിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ദീപ എം എസ് നന്ദി രേഖപ്പെടുത്തി.