ജില്ലയിൽ ബലി പെരുന്നാൾ ആഘോഷവും ആരാധനയും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കരുതലോടെ നടത്തും. മന്ത്രിമാരായ അഡ്വ കെ രാജൻ, കെ രാധാകൃഷ്ണൻ, ഡോ ആർ ബിന്ദു എന്നിവർ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ മതമേലധ്യക്ഷന്മാരുമായി ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം.

സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമുള്ള ഇളവുകൾക്കനുസരിച്ചാണ് ചടങ്ങുകളും ആരാധനയും നിർവഹിക്കേണ്ടത്. പെരുന്നാൾ നമസ്കാരത്തിന് പരമാവധി 40 പേരെ മാത്രമേ അനുവദിക്കൂ. നമസ്കാരത്തിന് സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്ക് മാത്രമാകും ആരാധനാലയങ്ങളിൽ നമസ്കാരത്തിന് അനുമതി.

ആരാധനാലയങ്ങളുടെ ചുമതലയുള്ളവര്‍ എണ്ണം കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കണം. ബലി കർമത്തിന്റെ സമയത്തും മാംസം വീട്ടിൽ എത്തിച്ചു നൽകുമ്പോളും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ബലിപ്പെരുന്നാളിന്റെ ഭാഗമായ ചടങ്ങുകൾ പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ നടത്തുകയുള്ളൂവെന്ന് മതമേലധ്യക്ഷന്മാർ ഉറപ്പ് നൽകി. നമ്മുടെ ആരോഗ്യത്തിനും ആരോഗ്യസംവിധാനത്തിനും മുൻഗണന നൽകി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാമെന്ന ഉറപ്പും അവർ നൽകി.

ബക്രീദ് പ്രമാണിച്ച് 18, 19, 20 തീയതികളിലായി മൂന്ന് ദിവസങ്ങളിലാണ് ഇളവ്. ഈ ദിവസങ്ങളിൽ എ,ബി,സി മേഖലകളിൽ കടകൾ തുറക്കാം. തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട, പലചരക്ക്, പഴം-പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി കടകൾക്കും ഈ ദിവസങ്ങളിൽ തുറക്കാം. രാവിലെ 7 മുതൽ രാത്രി 8 മണിവരെ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി. ഡി കാറ്റഗറിയിൽ ജൂലൈ 19ന് മാത്രം കടകൾ തുറക്കാൻ അനുമതിയുണ്ട്.

കര്‍ശനനിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം കടകള്‍ തുറക്കേണ്ടത്. എ, ബി വിഭാഗങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ മറ്റ് കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ഒരു ഡോസ് വാക്‌സിന്‍ എടുത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി ഹെയര്‍ സ്‌റ്റൈലിങ്ങിനായി തുറക്കാം. യോഗത്തിൽ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ ജെ റീന, ഡി പി എം സതീഷ്‌, തൃശൂർ റൂറൽ എസ് പി ജി പൂങ്കുഴലി, വിവിധ മതമേലധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു.