കോട്ടക്കല്‍ മണ്ഡലത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിനുള്ള കാര്യങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം ജില്ലയുടെ ചുമതലയുളള മന്ത്രി വി.അബ്ദുറഹിമാന്‍ വിളിച്ച് ചേര്‍ത്ത എം.എല്‍.എ മാരുടേയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗത്തിന്റെ തുടര്‍ച്ചയായാണ് എം.എല്‍.എ യോഗം വിളിച്ചു ചേര്‍ത്തത്.
കുറ്റിപ്പുറം, ഇരിമ്പിളിയം, എടയൂര്‍, പൊന്മള പഞ്ചായത്തുകളിലെ പ്രസിഡന്റ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍, മെഡിക്കല്‍ ഓഫീസര്‍, വളാഞ്ചേരി, കുറ്റിപ്പുറം സി.ഐമാര്‍ എന്നിവരുടെ യോഗമാണ് വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നത്. ജൂലൈ അഞ്ചിന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വളാഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പഞ്ചായത്തുകളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ / ആന്റിജന്‍ ടെസ്റ്റ് ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരും മെഡിക്കല്‍ ഓഫീസര്‍മാരും ഇത് വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ്തല ആര്‍ആര്‍.ടിമാരുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി പഞ്ചായത്ത് തലത്തില്‍ ക്രമീകരണങ്ങള്‍ നടത്തും. പഞ്ചായത്ത് തലങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ കൂടുതല്‍ കോവിഡ് പരിശോധനാ ക്യാമ്പുകളും ബോധവത്ക്കരണങ്ങളും സംഘടിപ്പിക്കും. കുറ്റിപ്പുറം, ഇരിമ്പിളിയം, എടയൂര്‍, പൊന്മള പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരി സംഘടനകള്‍, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് അടിയന്തിര യോഗം ചേരണമെന്ന് എം.എല്‍.എ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കുറ്റിപ്പും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മാനുപ്പ മാസ്റ്റര്‍, റംല കറത്തൊടിയില്‍, ഹസീന ഇബ്രാഹീം, ജസീന മജീദ് , പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിദ്ദീഖ് പരപ്പാര, എന്‍ മുഹമ്മദ്, റസീന തസ്‌നി എന്‍.ടി, സുഹറാബി കൊളക്കാടന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആയിഷ ചിറ്റകത്ത്, പി.സി.എ നൂര്‍, കെ.ഇ. സഹീര്‍ മാസ്റ്റര്‍, കെ.എം.എം അബ്ദുറഹിമാന്‍, ബുഷ്‌റ നാസര്‍, ഫാത്തിമ ഫര്‍സാന, പഞ്ചായത്ത് മെമ്പര്‍ ഒളകര കുഞ്ഞിമുഹമ്മദ്, കുറ്റിപ്പുറം താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ അലിയാമു, ഡോ.എം.പി അലി , വളാഞ്ചേരി സി.ഐ അഷ്‌റഫ്, കാടാമ്പുഴ സി.ഐ കെ.പ്രദീപ്, കുറ്റിപ്പുറം എസ്.ഐ എം.വി വാസുണ്ണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.