കൊല്ലം: പുത്തൂര്‍ മാര്‍ക്കറ്റ് നവീകരണത്തിന് രണ്ടര കോടി രൂപയുടെ ഹൈടെക് വികസന പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കിയതായി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. മാര്‍ക്കറ്റ് സന്ദര്‍ശിച്ചു വികസന സാധ്യതകള്‍ വിലയിരുത്തുക യായിരുന്നു മന്ത്രി. കിഫ്ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ധാരണയായതായി മന്ത്രി പറഞ്ഞു.

തീരദേശ വികസന കോര്‍പറേഷനാണ് നിര്‍വഹണ ചുമതല. 2.53 കോടി രൂപയുടെ വികസന രൂപ രേഖയാണ് തയ്യാറാക്കുന്നത്. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി, 20 ഷോപ്പുകള്‍, 28 സ്റ്റാളുകള്‍, ഡ്രൈ ഫിഷ് സ്റ്റാള്‍, ശുചിമുറി, ഓട നവീകരണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി യാഥാര്‍ഥ്യമാകും.

വികസനത്തിന്റെ ഭാഗമായി വ്യാപാരികളെ മാറ്റി പാര്‍പ്പിക്കുന്നതിന് കുളക്കട, നെടുവത്തൂര്‍, പവിത്രേശ്വരം പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും – അദ്ദേഹം വ്യക്തമാക്കി.

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഇന്ദുകുമാര്‍, വൈസ് പ്രസിഡന്റ് കവിത ഗോപകുമാര്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.അജി, മോഹനന്‍, തീരദേശ വികസന കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ.ജി. ഷിലു, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.