കോട്ടയം: കോവിഡ് പ്രതിസന്ധിയിയെത്തുടര്‍ന്ന് നഷ്ടത്തിലായ കോട്ടയം ഇന്‍റഗ്രേറ്റഡ് പവർ ലൂം ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ആശ്വാസമായി വ്യവസായ മന്ത്രിയുടെ വാഗ്ദാനം.
സൊസൈറ്റി നിർമ്മിക്കുന്ന മാസ്കിനുളള തുണികളും ബെഡ് ഷീറ്റുകളും സർക്കാർ ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും എടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാമെന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയില്‍ വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി കൂടിയാലോചിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
2002 ൽ അമയന്നൂരിൽ തുടങ്ങിയ സൊസൈറ്റിയിൽ 168 പവർ ലൂമുകളുണ്ട്. 60 ഓളം തൊഴിലാളികളിൽ 85 ശതമാനവും വനിതകളാണ്. കോവിഡ് – 19 രൂക്ഷമായതിനെത്തുടർന്ന് പുറത്തുനിന്നുള്ള ജോബ് വർക്കുകൾ മാത്രമാണ് ഇവിടെ നടന്നു വന്നിരുന്നത്. പ്രവർത്തന മൂലധനം ഇല്ലാത്തതിനാൽ തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി നൽകാന്‍ കഴിയുന്നില്ല.
വിപണി നഷ്ടമായ സാഹചര്യത്തിലാണ് വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പരാതി പരിഹാര പരിപാടിയിൽ പങ്കെടുത്ത് നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തിയതെന്ന് സൊസൈറ്റി ചെയര്‍പേഴ്സന്‍റെ ചുമതല വഹിക്കുന്ന പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി പറഞ്ഞു.