കൊല്ലം: സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സ്മാര്‍ട്ട് പദവിയില്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ സംവിധാനമെന്ന നിലയില്‍ വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രഥമ പരിഗണന. പുതുതായി നിര്‍മിച്ച മാങ്കോട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
345 വില്ലേജ് ഓഫീസുകള്‍ക്കുള്ള കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സഹകരണ പ്രസ്ഥാനങ്ങള്‍ എന്നിവരുടെ സഹായത്തോടെ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മ്മാണം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തിന് പിന്നില്‍ സംസ്ഥാനറവന്യൂ വകുപ്പിനെ പങ്കാളിയാക്കുകയാണ് ലക്ഷ്യം.
ഓണ്‍ലൈനായി തന്നെ പരാതികള്‍ പരിഹരിക്കുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വരുംവര്‍ഷങ്ങളില്‍ മുന്‍ഗണന ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ശിലാഫലകം അനാച്ഛാദനം ചെയ്തു. സംസ്ഥാനത്ത വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു കൊണ്ട് കൂടുതല്‍ ജന സൗഹൃദമാക്കുകയാണ് ലക്ഷ്യം എന്നു പറഞ്ഞു.
എല്ലാ സേവനങ്ങളും പെട്ടെന്ന് തന്നെ ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. 8,40000 രൂപ ചെലവഴിച്ച് നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ ഒപ്പം 575 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു ഹാളും കാത്തിരിപ്പ് കേന്ദ്രവുമാണ് നിര്‍മ്മിച്ചത്.
എ.ഡി.എം എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്‍.ഡി.ഒ ബി.ശശികുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയല്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ് മുരളി, കൊട്ടാരക്കര താലൂക്ക് തഹസീല്‍ദാര്‍ ജി. നിര്‍മ്മല്‍ കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.