തിരുവനന്തപുരം: അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണത്തിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അംഗപരിമിതര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിന് വേണ്ടി നിലവിലെ വിദഗ്ധ കമ്മിറ്റി അംഗങ്ങളെയും അംഗപരിമിതാവകാശ സംരക്ഷണ നിയമം 2016 പ്രകാരം പുതുതായി നിര്‍ദ്ദേശിച്ചിരിക്കുന്ന അംഗപരിമിത വിഭാഗ മേഖലയില്‍ നിന്നുള്ള വിദഗ്ധരെയും അംഗപരിമിത സംഘടനകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് പുതിയ വിദഗ്ധ കമ്മിറ്റി രൂപീകരിച്ചത്. ഇതിലൂടെ അംഗപരിമിതര്‍ക്ക് അര്‍ഹതപ്പെട്ട എല്ലാ തസ്തികകളും കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറാണ് കണ്‍വീനര്‍. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി, ആസൂത്രണ സാമ്പത്തികകാര്യം (ബി.പി.ഇ) വകുപ്പ് സെക്രട്ടറി, അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് കമ്മീഷണര്‍ (മെമ്പര്‍ സെക്രട്ടറി), ലേബര്‍ കമ്മീഷണര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, എംപ്ലോയ്‌മെന്റ് & ട്രെയിനിംഗ് വകുപ്പ് ഡയറക്ടര്‍, നിഷ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഡയറക്ടര്‍, വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ തുടങ്ങിയവര്‍ കമ്മിറ്റിയിലുണ്ടാകും.

ഓരോ അംഗപരിമിത വിഭാഗത്തിനെയും സംബന്ധിക്കുന്ന നിയമന കാര്യത്തില്‍ അഭിപ്രായം ആരായുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരെ കണ്‍സള്‍ട്ടന്റുമാരായി സമിതി യോഗത്തിലേക്ക് ക്ഷണിക്കേണ്ടതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓഫ്താല്‍മോളജി വിഭാഗം മേധാവി, ഇ.എന്‍.ടി. വിഭാഗം മേധാവി, ഓര്‍ത്തോപീഡിക് വിഭാഗം മേധാവി, സൈക്യാടി വിഭാഗം മേധാവി, ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം മേധാവി, ന്യൂറോളജി വിഭാഗം മേധാവി എന്നിവരാണ് വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിലുള്ളത്.

അംഗപരിമിത സംഘടനകളിലെ പ്രതിനിധികളെ അടിസ്ഥാന അംഗപരിമിതത്വമുള്ളവരുടെ പ്രതിനിധികളായി വിദഗ്ധ കമ്മിറ്റിയില്‍ ക്ഷണിക്കുന്നതാണ്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ അംഗപരിമിത സംഘടനകളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കുകയും കൃത്യമായ ഇടവേളകളില്‍ പരിഷ്‌കരിക്കുകയും ചെയ്യും.