തൃശ്ശൂർ: ഈ സർക്കാരിന്റെ അഞ്ച് വർഷ കാലയളവിൽ അഞ്ച് ലക്ഷം പേർക്ക് പട്ടയം നൽകുന്ന വിധത്തിൽ കേരളത്തിലെ റവന്യൂ വിഭാഗത്തെ പുനസംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് ഡയാലിസിസ് രോഗികൾക്ക് നൽകുന്ന പ്രതിമാസ സഹായ പദ്ധതി ആശ്വാസ് 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകി ഭൂമിയുടെ അവകാശികളാക്കുക എന്നതാണ് ഈ ഗവൺമെന്റിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഭൂപരിഷ്കരണ രംഗത്ത് അക്ഷരാർത്ഥത്തിൽ ഒരു പുനർചിന്തനത്തിന് ഇടവരുത്തുന്ന വിധത്തിലാണ് കേരളം മുന്നോട്ട് പോകുന്നത്.

ജന സേവനങ്ങൾ സുതാര്യമാക്കുന്നതിനായി സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളെയും സ്മാർട്ട് വില്ലേജുകളാക്കുമെന്ന് മന്ത്രി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ജനങ്ങളെയും പങ്കാളികളാക്കി കേരളത്തിന്റെ മാറ്റത്തിന് ഈ സർക്കാർ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

വൃക്കരോഗ ചികിത്സ മൂലം ജീവിതം വഴിമുട്ടുന്ന കുടുംബങ്ങൾക്ക് മാടക്കത്തറ ഗ്രാമപഞ്ചായത്ത് നൽകുന്ന സമ്പത്തിക സഹായ പദ്ധതിയാണ് ആശ്വാസ് 2021. ഡയാലിസിന് വിധേയരാകുന്ന രോഗിക്ക് പ്രതിമാസം 4000 രൂപ വരെയാണ് ചികിത്സാ സഹായം നൽകുന്നത്.

2021 – 2022 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി നിലവിൽ പഞ്ചായത്തിലെ 14 ഓളം ഡയാലിസ് രോഗികൾക്ക് ഒര് വർഷത്തെക്കാണ് പദ്ധതിയുടെ സഹായം ലഭിക്കുക. മാടക്കത്തറ ഗ്രാമപഞ്ചായത്ത് കെ.കെ സുരേന്ദ്രൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ അധ്യക്ഷനായി.

ജില്ലാ ഗവ. പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ഡി ബാബു, തൃശൂർ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എം കെ ഗോപാലകൃഷ്ണൻ എന്നിവർ
മുഖ്യാതിഥികളായി. മാടക്കത്തറ എഫ് എച്ച് സി
മെഡിക്കൽ ഓഫീസർ ഡോ കെ കെ രാഹുൽ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര,
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, ജില്ലാ പഞ്ചായത്ത് മെമ്പർ പി എസ് വിനയൻ, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം രാജേശ്വരി, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപതിനിധികൾ എന്നിവർ പങ്കെടുത്തു.