എറണാകുളം: സുരക്ഷിതമായ ഭവനം കൂടുതല്‍ ആളുകളിലേക്ക് എന്ന ലക്ഷ്യവുമായി ലൈഫ് മിഷൻറെ മൂന്നാം ഘട്ടം ജില്ലയില്‍ പുരോഗമിക്കുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിലായി ജില്ലയില്‍ ഭൂവുടമകളായ 18918 പേര്‍ക്കുള്ള വീടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂന്നാം ഘട്ടത്തില്‍ സ്വന്തമായി സ്ഥലമില്ലാത്ത ആളുകള്‍ക്കായുള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മാണം ആണ് പുരോഗമിക്കുന്നത്.
1575 ഭൂരഹിതര്‍ക്കാണ് ജില്ലയില്‍ ഇതു വരെ ലൈഫ് മിഷന്‍ വഴി വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ജില്ലയില്‍ തോപ്പുംപടി, അയ്യമ്പുഴ, കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളില്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിച്ചു വരികയാണ്. തോപ്പുംപടിയില്‍ 88 പേര്‍ക്കും അയ്യമ്പുഴയില്‍ 44 പേര്‍ക്കും കൂത്താട്ടുകുളത്ത് 36 കുടുംബങ്ങള്‍ക്കും സ്വന്തമായ ഭവനം എന്ന സ്വപ്നം ഇതോടെ പൂര്‍ത്തിയാവും. ഇതിനു പുറമെ അങ്കമാലിയിലും കീഴ്മാടുമായി 12 വീതം കുടുംബങ്ങള്‍ ഭവനസമുച്ചയങ്ങളില്‍ പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ നിലവില്‍ ജില്ലയില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ലൈഫ് മിഷൻറെ ആദ്യ ഘട്ടത്തില്‍ അനുവദിച്ച ഭൂരിഭാഗം വീടുകളുടെയും രണ്ടാം ഘട്ടത്തില്‍ അനുവദിച്ച 96 ശതമാനം വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയായി. മൂന്നാം ഘട്ടത്തിലെ ഭവന സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിച്ചു വരികയാണ്. നിര്‍മാണം ആരംഭിച്ച വീടുകള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ അര്‍ഹരായ ആളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക എന്നതാണ് ലൈഫ് മിഷൻറെ ഇപ്പോഴത്തെ ലക്ഷ്യം. ജില്ലയില്‍ സ്ഥല ലഭ്യത കുറവും ഭൂമിയുടെ ഉയര്‍ന്ന വിലയുമാണ് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പ്രധാന വെല്ലുവിളി.
കേരളത്തിലെ അടിസ്ഥാന വികസന മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്ന ഏറ്റവും പ്രധാന മുന്നേറ്റങ്ങളിലൊന്നാണ് ലൈഫ് മിഷൻ പദ്ധതിയുടെ വിജയകരമായ നടത്തിപ്പ്. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമായ പാര്‍പ്പിടം അര്‍ഹതപ്പെട്ട ഏല്ലാ കുടുംബങ്ങള്‍ക്കും ഉറപ്പാക്കുന്നതിനുള്ള പാര്‍പ്പിട സുരക്ഷ പദ്ധതിയാണ് ലൈവ്ലിഹുഡ്, ഇൻക്ലൂഷൻ, ആൻഡ് ഫിനാൻഷ്ല്‍ എംപവര്‍മൻറ് അഥവാ ലൈഫ് മിഷൻ.
ഗ്രാമ പ്രദേശങ്ങളില്‍ പ്രധാന്‍ മന്ത്രി ആവാസ് യോജനയുമായും നഗര പ്രദേശങ്ങളില്‍ അര്‍ബന്‍ പ്രധാനമന്ത്രി ആവാസ് യോജനയുമായും കുടുംബശ്രീയും തൊഴിലുറപ്പ് പദ്ധതികളുമായി സഹകരിച്ചു കൊണ്ടു ലൈഫ് മിഷൻ പ്രവര്‍ത്തിക്കുന്നുണ്ട്.
2017ലാണ് ലൈഫ് മിഷൻ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 1162 ഗുണഭോക്താക്കള്‍ക്കാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ലൈഫ് മിഷൻറെ പ്രവര്‍ത്തനരീതി തിരിച്ചറിഞ്ഞ നിരവധി സംഘടനകള്‍ മിഷനുമായി കൈകോര്‍ത്തു പദ്ധതിയുടെ വിജയത്തില്‍ പങ്കാളികളായി. തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ചു കൊണ്ട് ലൈഫ് മിഷനില്‍ 90 തൊഴില്‍ദിനങ്ങള്‍ നല്‍കിയിരുന്നു.
സിമൻറ് ബ്ലോക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങളും ലൈഫ് മിഷനു വേണ്ടി തൊഴിലുറപ്പു തൊവിലാളികള്‍ നടത്തിയിരുന്നു. കുടുംബശ്രീ മിഷനുമായി സഹകരിച്ച് വനിതകള്‍ക്ക് നിര്‍മാണ യൂണിറ്റുകളില്‍ പരിശീലനം നല്‍കി ലൈഫ് മിഷൻ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.
ഇത്തരത്തില്‍ 35 വീടുകളാണ് കുടുംബശ്രീയുമായി സഹകരിച്ച് ജില്ലയില്‍ നിര്‍മിച്ചത്. അതിനു പുറമെ സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥികളും ഫേസ്ബുക്ക് കൂട്ടായ്മകളും ലൈഫ് മിഷനു സഹായവുമായി മുന്നോട്ടു വന്നു. വിവിധ സംഘടനകള്‍, സ്ഥാപനങ്ങളിലെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട്, തുടങ്ങിയവരും ലൈഫ് മിഷൻ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.
2019 അവസാനത്തിലാണ് ലൈഫ് മിഷന്‍റ മൂന്നാം ആരംഭിക്കുന്നത് ഏലൂർ, തൃക്കാക്കര, മുൻസിപ്പാലിറ്റികളും കൊച്ചി കോർപറേഷനും ഫ്ലാറ്റുകൾ നിർമിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പ്രായമായവർക്കുള്ള സൗകര്യങ്ങൾ, പ്രാഥമികാരോഗ്യ സബ് കേന്ദ്രം, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ലൈബ്രറി, മാലിന്യ നിർമാർജന സൗകാര്യങ്ങൾ, എന്നിവ പാർപ്പിട സമുച്ചയങ്ങളുടെ ഭാഗമായി നിർമ്മിക്കും